പുതുതായി ചുമതലയേറ്റ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ശ്രീ. കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനുകളിൽ നിന്ന് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും ചർച്ച ചെയ്തു.
കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി ഓപ്പറേഷന് അനാവശ്യവും അനിയന്ത്രിതവുമായി തുടരുന്ന സസ്‌പെൻഷൻ വിഷയത്തിൽ മന്ത്രിയുടെ വിവേചനരഹിതമായ ഇടപെടൽ ആവശ്യപ്പെട്ടു. വിമാനത്താവളവും എയർലൈൻ കമ്പനികളും വൈഡ് ബോഡി ഓപ്പറേഷന് സന്നദ്ധമാണെന്നും സർവീസ് നടക്കാത്തത് കൊണ്ട് യാത്രക്കാരും വിമാനത്താവളവും നിരവധി നഷ്‌ടങ്ങൾ നേരിടുന്നതായും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നിർമാണ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെ ഭൂമി ഏറ്റെടുത്ത് നൽകാനും റൺവേ വെട്ടിച്ചുരുക്കാനും ധൃതി കാണിച്ച അതോറിറ്റിക്ക് ഇപ്പോൾ നിർമാണ കാര്യത്തിൽ വേഗതയില്ല. ഇക്കാര്യത്തിൽ മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു.