കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അപൂര്‍വ്വ ബാക്ടരീയ മൂലം മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമനാട്ടുകര ഫാറൂഖ് കോളജിനു സമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ് -ജ്യോതി ദമ്പതികളുടെ മകന്‍ ഇ.പി. മൃദുല്‍ (12) ആണ് മരിച്ചത്. അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞ 24 മുതല്‍ വെന്റിലേറ്ററിലായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഛര്‍ദി, തലവേദന തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയുടെ നില പിന്നീട് ഗുരുതമാവുകയും പ്രൈമറി അമീബിക് മെനിഞ്ചൊ എന്‍സെഫലൈറ്റിസ് (പി.എ.എം) സ്ഥിരീകരിക്കുകയുമായിരുന്നു. നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്‌ക അണുബാധയാണുണ്ടായത്.
ഫാറൂഖ് കോളജ് പരിസരത്തെ അച്ചന്‍കുളത്തില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായിരുന്നു തുടക്കത്തില്‍. പിന്നീട് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിയായ 13കാരി അത്യപൂര്‍വ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ(12) ആണ് മരിച്ചത്.
സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെര്‍മമീബ വെര്‍മിഫോമിസ് എന്ന ലോകത്ത് തന്നെ അപൂര്‍വമായ അമീബയുടെ സാന്നിധ്യമാണ് ദക്ഷിണയുടെ സാംപിള്‍ പരിശോധനയില്‍ കണ്ടെത്തിയത്.
ഒരു മാസം മുമ്പ് മലപ്പുറം സ്വദേശിയായ അഞ്ച് വയസ്സുകാരിയും മരിച്ചിരുന്നു. മുന്നിയൂര്‍ സ്വദേശി ഫത്വ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലിരിക്കെയാണ് മരണം. വേനലില്‍ പെണ്‍കുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മരിച്ച മൃദുല്‍ ഫാറൂഖ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: മിലന്‍ (യു.കെ.ജി വിദ്യാര്‍ഥി, രാമനാട്ടുകര ബോര്‍ഡ് സ്‌കൂള്‍). സംസ്‌കാരം വ്യാഴാഴ്ച.
കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്‌ളോറിനേഷന്‍ ചെയ്ത് അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിര്‍ദേശിച്ചിരുന്നു.
ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തില്‍ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യത കുറവാണ്.