മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. പ്രധാന സ്ട്രക്ചറിന്റെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായി. പാലത്തിന്റെ നടപ്പാത സജ്ജീകരിക്കുന്ന, അത്ര പ്രയാസമില്ലാത്ത ഭാഗമാണ് ഇനി ബാക്കിയുള്ളത്. 190 മീറ്റര്‍ നീളമുള്ള പാലമാണു നിര്‍മിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്നലെ പകല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പാലം നിര്‍മാണം അല്‍പ്പസമയത്തേക്കു നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന രാത്രിമുഴുവനും പാലം നിര്‍മാണം തുടരുകയായിരുന്നു.
ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപാലത്തിന് സമാന്തരമായി മറ്റൊരു താല്‍ക്കാലിക പാലം കൂടി നിര്‍മിക്കുന്നുണ്ട്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ കാല്‍നട യാത്രക്ക് സഹായകമാകുന്ന നിലയിലുള്ള ഈ പാലം പുലര്‍ച്ചെയോടെ പൂര്‍ത്തിയായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു താല്‍ക്കാലികമായി തടികൊണ്ടുനിര്‍മിച്ച പാലം മുങ്ങിയിരുന്നു.
ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രസാമഗ്രികള്‍ മുണ്ടക്കൈയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അതിതീവ്രമഴയ്ക്കുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചാലിയാര്‍ തീരത്ത് തിരച്ചില്‍ രാവിലെ 7 മുതല്‍
മൃതദേഹങ്ങള്‍ക്കായി നിലമ്പൂര്‍ പോത്തുകല്ല് ചാലിയാര്‍ തീരത്ത് മുണ്ടേരി വനമേഖലയിലെ തിരച്ചില്‍ രാവിലെ 7ന് പുനരാരംഭിക്കും.
മരണസംഖ്യ 280 ആയി
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 270 ആയി. മരണ സംഖ്യം ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ 34 മൃതദേഹങ്ങള്‍ എത്തിച്ചു. 96 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരുന്നൂറോളം പേരെ ഉരുള്‍പൊട്ടലില്‍ കാണാതായിട്ടുണ്ട്. 191 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. 91 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇന്നലെ 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറില്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം
വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടിയതുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.