കൊണ്ടോട്ടി: കരിപ്പൂർ വിമാനദുരന്തത്തിന് ബുധനാഴ്ച നാലു വർഷം പൂർത്തിയാകുന്നു. 2020 ഓഗസ്റ്റ് ഏഴിന് കനത്ത മഴ പെയ്ത രാത്രിയിലായിരുന്നു വിമാനാപകടം. കോവിഡ് കാലത്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റൺവേയിൽ കിഴക്ക് ഭാഗത്തു നിന്ന് ചെരിവിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
100 മീറ്ററോളം താഴേക്ക് പതിച്ച വിമാനം മൂന്നായി പിളർന്ന് കിഴക്കുഭാഗത്ത് ബെൽറ്റ് റോഡിനു സമീപം വിമാനത്താവള ചുറ്റുമതിലിൽ ഇടിച്ചാണു നിന്നത്. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമടക്കം 21 പേരുടെ ജീവൻ പൊലിഞ്ഞു. 169 പേർക്ക് പരിക്കേറ്റു.
വിമാനാപകടവും നാട്ടുകാരുടെ രക്ഷാപ്രവർത്തനവും ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത് ഇന്നും നാട്ടുകാരുടെ ഓർമയിലുണ്ട്. കൊണ്ടോട്ടി മീൻചന്തയിൽനിന്ന് കോവിഡ് സാമൂഹികവ്യാപനം സംശയിച്ചതിനാൽ ഊടുവഴികളെല്ലാം കല്ലു നിരത്തിയും വേലികെട്ടിയും അടച്ച് കനത്തനിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വിമാനാപകടം സംഭവിച്ചയുടൻ പകച്ചുനിൽക്കാതെ, കോവിഡിനെ ഭയക്കാതെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. മുൻഭാഗം തകർന്ന വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന ഭീതി വകവെക്കാതെയായിരുന്നു അവരുടെ രക്ഷാപ്രവർത്തനം. പോപ്പുലർ ന്യൂസ്
പൈലറ്റിന്റെ വീഴ്ചയാണ് വിമാനാപകടത്തിനു കാരണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഉയർത്തെഴുന്നേറ്റ് വിമാനത്താവളം
വിമാനദുരന്തം കരിപ്പൂർ വിമാനത്താവളത്തിനേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. വലിയ വിമാനങ്ങളുടെ (വൈൽഡ് ബോഡി) സർവീസിന് വിലക്ക് വന്നു. ഇതോടെ, ഹജ്ജ് വിമാന സർവീസുകളും നിർത്തിലാക്കിയിരുന്നു. വീഴ്ച മറന്ന് 2023-ഓടെ കരിപ്പൂർ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കണ്ടത്.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി റെസ 90 മീറ്ററിൽനിന്ന് 240 മീറ്റായി വർധിപ്പിക്കാൻ നിർദേശം വന്നു. പ്രതിസന്ധികൾ അതിജീവിച്ച് പള്ളിക്കൽ വില്ലേജിൽ 5.56 ഏക്കറും നെടിയിരുപ്പ് വില്ലേജിൽ 6.9 ഏക്കറുമടക്കം 12.48 ഏക്കർ ഭൂമി സംസ്ഥാനസർക്കാർ ഏറ്റെടുത്തു വിമാനത്താവള അതോറിറ്റിക്ക് നൽകി. റെസ നിർമാണത്തിനുള്ള 322 കോടി രൂപയുടെ കരാർ രാജസ്ഥാനയിലെ ഗവാർ കൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുത്തു.
ആഭ്യന്തര- അന്താരാഷ്ട്ര മേഖലകളിൽ കൂടുതൽ വിമാനക്കമ്പനികൾ സർവീസ് തുടങ്ങിയതും കരിപ്പൂരിന് ഉണർവേകി. ഓഗസ്റ്റ് ഒന്നിന് മലേഷ്യയിലേക്ക് എയർ ഏഷ്യ സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷം മുതൽ ഹജ്ജ് സർവീസും തിരിച്ചെത്തി.
കഴിഞ്ഞ ഹജ്ജിന് കേരളത്തിൽനിന്ന് ഏറ്റവുമധികം യാത്രക്കാർ പുറപ്പെട്ടത് കരിപ്പൂരിൽനിന്നാണ്.
കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്കുള്ള ഉപഹാരമായി മലബാർ െഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ പണി ബുധനാഴ്ച തുടങ്ങും. കൊണ്ടോട്ടി, പാലക്കാപ്പറമ്പ്, മുക്കൂട്, ചിറയിൽ, തറയിട്ടാൽ പ്രദേശത്തുകാരുടെ മാതൃകാ പ്രവർത്തനത്തിനുള്ള സ്നേഹോപഹാരമായാണ് ചിറയിൽ സർക്കാർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചു നൽകുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ ധാരണാപത്രം സർക്കാരിനു നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾമൂലം കെട്ടിടനിർമാണം നീളുകയായിരുന്നു. 30 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.