പട്ടാപകല്‍ ആളില്ലാത്ത തക്കം നോക്കി മുറ്റത്ത് വിറകുണ്ടാക്കി കൊണ്ടിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാല കവർന്നു

മലപ്പുറം: മേലാറ്റൂർ എടയാറ്റൂരിൽ പട്ടാപകല്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച്‌ രണ്ടര പവൻ വരുന്ന സ്വർണമാല കവർന്നു. മേലാറ്റൂർ എടയാറ്റൂർ നെടുങ്ങാംപാറയിലെ ചെട്ടിയംതൊടി മുഹമ്മദ് എന്ന മാനുവിന്റെ ഭാര്യ മറിയയെയാണ് (67) ആക്രമിച്ച്‌ മാല കവർന്നത്.

വീട്ടിൽ ആളില്ലാത്തതക്കം നോക്കിയാണ് മോഷ്ടാവ് എത്തിയത്. വീടിന് മുറ്റത്ത് വിറകുണ്ടാക്കി നില്‍ക്കുകയായിരുന്ന മറിയയുടെ കൈയിലെ മടവാള്‍ വാങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ആക്രമിച്ചത്. പിന്നിലൂടെ വന്ന് കഴുത്തിന് പിടിച്ചതിനാല്‍ രക്ഷപ്പെടാനുമായില്ല.

മടവാള്‍ കൊണ്ട് ആക്രമിച്ചതിനാല്‍ തലക്കും കഴുത്തിലും പരിക്കേറ്റ ഇവർ ചികിത്സയിലാണ്. മുഹമ്മദ് പള്ളിയില്‍ പോയതിനാല്‍ മറിയ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ തക്കം നോക്കിയാണ് മോഷ്ടാവ് റോഡരികിലെ വീട്ടിലെത്തിയത്.

കമ്മലും അഴിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീ നിലവിളിച്ചതോടെ അയല്‍വാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് മേലാറ്റൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മതപ്രബോധകനെന്ന വ്യാജേന മുൻപ് മോഷ്ടാവ് രണ്ടുതവണ ഇവരുടെ വീട്ടില്‍വന്ന് പരിചയപ്പെടുത്തിയിരുന്നുവത്രെ. കരുവാരകുണ്ട് സ്വദേശിയാണെന്നായിരുന്നു അന്ന് പരിചയപ്പെടുത്തിയിരുന്നത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *