വൈദ്യുതവാഹന നിര്‍മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. തുടക്കത്തില്‍ വൈദ്യുതവാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ചെലവ് കൂടുതലായിരുന്നു. ആവശ്യം വര്‍ധിച്ചതോടെ നിര്‍മാണച്ചെലവ് ഗണ്യമായി കുറഞ്ഞു. ഇനിയും കൂടുതല്‍ സബ്‌സിഡി നല്‍കുന്നത് അനാവശ്യമാണെന്നും ഗഡ്കരി പറഞ്ഞു. ബ്ലൂംബെര്‍ഗ് എന്‍.ഇ.എഫ്. സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഉപയോക്താക്കള്‍ സ്വന്തംനിലയില്‍ വൈദ്യുതവാഹനങ്ങളും സി.എന്‍.ജി. വാഹനങ്ങളും തിരഞ്ഞെടുത്തുതുടങ്ങി. വൈദ്യുതവാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ വാഹനങ്ങളെക്കാള്‍ കുറഞ്ഞ ജി.എസ്.ടി.യാണ് ഈടാക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററികളുടെ വില കുറയുന്നത് വൈദ്യുതവാഹനങ്ങളുടെ നിര്‍മാണച്ചെലവ് ഇനിയും കുറയ്ക്കും. രണ്ടുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍, വൈദ്യുതവാഹനങ്ങളുടെ വില തുല്യമാകുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ലിഥിയം അയേണ്‍ ബാറ്ററികളുടെ വില ഏറ്റവും കൂടുതലായിരുന്ന കാലഘട്ടത്തിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, ലിഥിയം അയേണ്‍ ബാറ്ററികളുടെ വില കിലോവാട്ടിന് 150 ഡോളറില്‍ നിന്ന് 107 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, അഞ്ചോളം കമ്പനികള്‍ ലിഥിയം അയേണ്‍ ബാറ്ററികള്‍ നിര്‍മിക്കാനും തുടങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും വില കുറഞ്ഞ് 90 ഡോളറിലേക്ക് എത്തിയേക്കും. അതോടെ ഇ.വികളും ഐസ് എന്‍ജിന്‍ വാഹനങ്ങളുടെ വിലയില്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് ഗഡ്കരി പറയുന്നത്.
വിപണിയിലെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് 28 ശതമാനം വരെ ജി.എസ്.ടി. ഈടാക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജി.എസ്.ടി. കേവലം അഞ്ച് ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ഇനിയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത് ന്യായമല്ലെന്നും, ഇത്തരം സബ്‌സിഡികള്‍ തുടരേണ്ടതില്ലെന്നുമാണ് എന്റെ നിലപാടെന്നാണ് നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇ.വികളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനാണ് സബ്‌സിഡി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെയും ഊര്‍ജ ഉപയോഗത്തിന്റെയും ആവശ്യം കണക്കിലെടുത്ത് ക്രമേണ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ബദല്‍ ഇന്ധന സംവിധാനങ്ങളിലേക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെയിം പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്ന് മന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിതിന്‍ ഗഡ്കരിയുടെ ഈ അഭിപ്രായ പ്രകടനം.