പെരിന്തൽമണ്ണ : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ കുഴികൾ വീണ്ടും അടച്ചതോടെ ഇന്നലെ വാഹനക്കുരുക്കിന് ആശ്വാസം. വ്യാഴാഴ്‌ച രാത്രിയാണ് കുഴികൾ അടച്ചത്. പകൽ തിരക്കേറിയ സമയത്ത് കുഴി അടയ്‌ക്കൽ നടത്തിയത് മുൻപ് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനാലാണ് ഇത്തവണ രാത്രിയിലാക്കിയത്. വ്യാഴാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു പാതയിൽ അനുഭവപ്പെട്ടത്. മുൻപൊക്കെ ആംബുലൻസുകൾക്ക് ഏതു കുരുക്കുകളിലും ഇവിടെ വഴിയൊരുക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആംബുലൻസുകളും കുരുക്കിൽ കിടന്നു. ജീവനക്കാരൻ വാഹനത്തിന്റെ മുന്നിലോടിയാണ് കഴിഞ്ഞ ദിവസം ആംബുലൻസിന് വഴിയൊരുക്കിയത്. ദിവസങ്ങൾക്കു മുൻപ് ഇവിടെ കുഴികൾ അടച്ചിരുന്നു. എന്നാൽ ഇവയെല്ലാം പഴയപടി ആയതോടെയാണ് വീണ്ടും കുഴിയടയ്‌ക്കൽ.









