ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഉൾപ്പെടെ ഒരുക്കിയ പൂക്കളം അലങ്കോലമാക്കിയ മലയാളി യുവതിക്കെതിരെ കേസ്. പത്തനംതിട്ട സ്വദേശിനി സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളം ആണ് സിമി നായർ ചവിട്ടി അലങ്കോലമാക്കിയത്.
പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു തൊട്ടു പിന്നാലെ അവിടെയെത്തിയ സിമി പൂക്കളം ചവിട്ടി നശിപ്പിക്കുകയായിരുന്നു.
കോമൺ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ, പൂക്കളം നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
സിമിയുടെ എതിർപ്പിനെ തുടർന്ന് അപ്പാർട്ട്മെൻ്റിലെ ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഇവിടെ ഓണാഘോഷം നടത്തുന്നുണ്ട്.
പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സിമി നായർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു. പൂക്കളത്തിൽ കയറി ഇവർ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും വാദിച്ചാണ് യുവതിയുടെ നടപടി.