കരിപ്പൂർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസി സൂപ്പർവൈസറുടെ സഹായത്തോടെ കടത്താൻ ശ്രമിച്ച 1.14 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെയും സൂപ്പർവൈസറെയും അറസ്റ്റുചെയ്തു. 87.01 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. ഇത് പുറത്തെത്തിക്കാൻ ഇയാൾ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സൂപ്പർവൈസർക്ക് കൈമാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സൂപ്പർവൈസറിൽനിന്ന് 1.26 കിലോഗ്രാം തൂക്കംവരുന്ന, പേസ്റ്റ് രൂപത്തിൽ സ്വർണമടങ്ങിയ രണ്ടു പായ്ക്കറ്റുകൾ കണ്ടെടുത്തു. തുടർന്ന്, പേസ്റ്റിൽനിന്ന് 87.01 ലക്ഷം രൂപ വിലമതിക്കുന്ന 1.14 കിലോ സ്വർണം വേർതിരിച്ചെടുത്തു.
സ്വർണം കൊണ്ടുവന്ന യാത്രക്കാരനെ സൂപ്പർവൈസറിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് എക്സിറ്റ് ഗേറ്റിൽ തടഞ്ഞുവെച്ച് പിടികൂടി. ജിദ്ദയിൽനിന്ന് കൊണ്ടുവന്ന സ്വർണം സൂപ്പർവൈസർക്ക് കൈമാറിയത് താനാണെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി കസ്റ്റംസ് അറിയിച്ചു.
കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇരുവരുടെയും പേരടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.