പാലക്കാട്: വെബ്സൈറ്റുകള്‍ റിവ്യൂ ചെയ്ത് പണം സമ്പാദിക്കാമെന്ന പേരില്‍ യുവതിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍. പാലക്കാട് സ്വദേശികളായ ബിൻഷാദ്, ഷമീല്‍, സിനാസ് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോണ്‍ വഴിയാണ് സംഘം ഓണ്‍ലൈൻ ചതിക്കുഴി ഉണ്ടാക്കിയത്. എറണാകുളം സ്വദേശിനിയുടെ ഫോണിലേക്ക് വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ആദ്യം അയച്ചു നല്‍കി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പിന്നാലെ റിവ്യു ചെയ്ത് നല്‍കിയാല്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മുന്നോടിയായി ചെറിയ തുക യുവതിയോട് സംഘം കൈപ്പറ്റി. ലാഭവിഹിതമെന്ന പേരില്‍ കുറച്ച് പണം യുവതിക്ക് തിരിച്ചു നല്‍കി. സംഘം ആവശ്യപ്പെട്ട പ്രകാരം കൂടുതല്‍ പണം അയച്ചു നല്‍കിയെങ്കിലും തിരിച്ചൊന്നും വരാതെയായി. ഇതിനിടെ 4,87,000 രൂപ സംഘം കൈക്കലാക്കി. പണം തിരികെ ലഭിക്കണമെങ്കിലും പണം അയക്കാൻ ആവശ്യപ്പെട്ടു.
തട്ടിപ്പ് മനസിലാക്കിയ യുവതി കൊച്ചി ഇൻഫോപാർക്ക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ അക്കൗണ്ടില്‍ നിന്ന് പണം മുഴുവൻ പിൻവലിച്ചതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷമീല്‍ (18), ബിൻഷാദ് (19), സിനാസ് (33) എന്നിവർ പിടിയിലായത്. പ്രതികള്‍ സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കം തേടുകയാണ് പൊലീസ്.