കല്ലടിക്കോട്: സിനിമാസ്റ്റൈലില്‍ ഡ്രൈവറെ തട്ടിയെടുത്ത് വാഹനം കവർന്ന കേസില്‍ പത്തംഗ സംഘത്തിലെ രണ്ടു പേർകൂടി പൊലീസിന്‍റെ പിടിയിലായി. പുതുപ്പരിയാരം പുളിയംപുള്ളി മുഴുവഞ്ചേരിയില്‍ ടൈറ്റസ് ജോർജ് (34), കടമ്ബഴിപ്പുറം മുഴുവഞ്ചേരി ബിജോയ് വർഗീസ് (44) എന്നിവരാണ് പിടിയിലായത്. നേരത്തേ കോങ്ങാട് പൂളക്കുണ്ട് ബിജീഷ് (29), ചിറ്റൂർ പൊല്‍പ്പുള്ളി ഉമർ (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കൊടുങ്ങല്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആഗസ്റ്റ് നാലിന് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്ബാറക്കടുത്ത് ചൂരിയോട് പാലത്തിനു സമീപം പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. കോയമ്ബത്തൂരില്‍നിന്ന് കണ്ണൂരിലേക്കു പോകുന്ന പാർസല്‍ കയറ്റിയ കെ.എല്‍-59 വി 0613 നമ്ബർ പിക്കപ്പ് വാനിനെ പിന്തുടർന്ന് ബൊലേറോ ട്രക്കിലും രണ്ടു കാറുകളിലുമെത്തിയ കവർച്ചസംഘം വാൻ തടഞ്ഞിട്ട് ഡ്രൈവറെ ബലം പ്രയോഗിച്ച് ഇറക്കി മർദിച്ചശേഷം തട്ടിക്കൊണ്ടുപോയി.
വാഹനത്തില്‍ കുഴല്‍പണമുണ്ടെന്ന ധാരണയിലാണ് കവർച്ച നടത്തിയത്. പിന്നീട് പണമില്ലെന്ന് കണ്ടെത്തിയതോടെ പിക്കപ്പ് വാൻ പട്ടാമ്ബി ഭാഗത്ത് ഉപേക്ഷിച്ചു. ഡ്രൈവർ പാലക്കാട് നൂറണി സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (57) മർദിച്ച് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്കെതിരെ കവർച്ച നടത്തിയതിനാണ് പൊലീസ് കേസെടുത്തത്.
സംഭവശേഷം പ്രതികളായ രണ്ടുപേരും തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒളിവിലായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ടൈറ്റസ് ജോർജ് കവർച്ച ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ മണ്ണാർക്കാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡിവൈ.എസ്.പി പി. സുന്ദരൻ, കല്ലടിക്കോട് സി.ഐ എം. ഷഹീർ, എസ്.ഐമാരായ വി.എം. നൗഷാദ്, കെ.കെ. പത്മരാജ്, എ.പി. വിജയമണി, എസ്.സി.പി.ഒമാരായ സി.എസ്. സാജിദ്, വൈ. ഷംസുദ്ദീൻ, എ. പത്മരാജ്, എ. രാകേഷ്, പി.എം. ജോസ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചിരുന്നത്.