ചിപ്‌സ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് 5 വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി പിടിയിൽ 

മലപ്പുറം : ചിപ്‌സ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി പിടിയിലായി. ഒഡീഷ ബലേശ്വര്‍ സ്വദേശി അലി ഹസന്‍ എന്ന റോബി(53)നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ചിപ്‌സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സംഭവം പറയുകയുമായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷം കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്‌ക്ക് പരിക്കുകളുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നിലമ്പൂരിലെ ആക്രിക്കടയില്‍ ഒളിച്ചിരിക്കെയാണ് പൊലീസ് പിടികൂടിയത്.

ഇതര സംസ്ഥാനക്കാരനായ പ്രതി തുടര്‍ നടപടികള്‍ക്ക് ഹാജരാകാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കസ്റ്റഡിയില്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രത്യേക അപേക്ഷ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. പരിചയമുണ്ടായിരുന്നതിനാലാണ് പെണ്‍കുട്ടി പ്രതിക്കൊപ്പം പോയതെന്നും അടുത്തുള്ള ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ വെച്ച്‌ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *