മലപ്പുറം :വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിലെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പുള്ള ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് മണ്ഡലങ്ങളിലായി ആകെ 6,45,755 പേർക്കാണ് സമ്മതിദാനാവകാശമുള്ളത്. ഇവരിൽ 3,20,214 പേർ പുരുഷമാരും 3,25,535 പേർ സ്ത്രീകളും 6 പേർ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുമാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നവംബർ 13 ന് രാവിലെ 7 മുതൽ വോട്ടെടുപ്പ് ആരംഭിക്കും. 25 ഓക്സിലറി ബുത്തുകൾ ഉൾപ്പെടെ ആകെ 595 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും റാംപ്, ടോയ്ലറ്റ്, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. വനിതാ ഓഫീസർമാരുടെ മാത്രം മേല്‍നോട്ടത്തില്‍ ഒമ്പത് പോളിങ് സ്‌റ്റേഷനുകൾ പ്രവർത്തിക്കും. ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ മൂന്ന് വീതം പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. 595 പോളിങ് സ്റ്റേഷൻകളിലും വോട്ടെടുപ്പ് നടപടികൾ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്. 16 മേഖലകളിലായി 26 പ്രശ്ന സാധ്യതാ ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ അധിക സുരക്ഷ ഒരുക്കും. ഏറനാട് അഞ്ചും നിലമ്പൂരിൽ 17 ഉം വണ്ടൂരിൽ നാലും പ്രശ്ന സാധ്യതാ ബൂത്തുകളാണുള്ളത്.
മൂന്ന് മണ്ഡലങ്ങളിലുമായി റിസർവ് ഉൾപ്പെടെ 1424 ബാലറ്റ് യൂണിറ്റുകളും (ഏറനാട് 416, നിലമ്പൂര്‍ 500, വണ്ടൂര്‍ 508) 712 കണ്‍ട്രോള്‍ യൂണിറ്റുകളും (ഏറനാട് 208, നിലമ്പൂര്‍ 250, വണ്ടൂര്‍ 254), 772 വി.വി പാറ്റുകളും (ഏറനാട് 226, നിലമ്പൂര്‍ 271, വണ്ടൂര്‍ 275) വോട്ടുപ്പിന് ഉപയോഗിക്കും.
റിസര്‍വിലുള്ളവര്‍ ഉള്‍പ്പെടെ 2975 ഉദ്യോഗസ്ഥരെയാണ് പോളിങ് ചുമതലകള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ഓരോ പോളിങ് സ്‌റ്റേഷനിലും നാല് വീതം ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1300 ലധികം വോട്ടർമാരുള്ള ബൂത്തുകളിൽ ഒരു പോളിങ് ഓഫീസറെ അധികമായി നിയോഗിക്കും. ഇതിന് പുറമെ 67 സെക്ടര്‍ ഓഫിസര്‍മാര്‍, 26 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 570 ബി.എല്‍.ഒമാര്‍, 182 റൂട്ട് ഓഫീസര്‍മാര്‍, 54 സ്‌ക്വാഡ് ലീഡര്‍മാര്‍ എന്നിവരും ചുമതലകളിലുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലകള്‍ക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയന്‍ സേനാംഗങ്ങളും ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു.
ഒമ്പത് ഫ്‌ളയിങ് സ്‌ക്വാഡ് ടീമുകള്‍, മൂന്ന് ആന്റിഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍, 27 സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം, ആറ് വിഡിയോ സര്‍വെയ്‌ലന്‍സ് ടീം, മൂന്ന് വിഡിയോ നിരീക്ഷണ സംഘങ്ങള്‍, മൂന്ന് അക്കൗണ്ടിങ് ടീം, മൂന്ന് അസി. എക്‌സ്പന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ എന്നിവർ ഇലക്ഷൻ പ്രഖ്യാപനം മുതൽ പ്രവർത്തിക്കുന്നുണ്ട്.
പോളിങ് സമഗ്രികളുടെ വിതരണം നാളെ (ചൊവ്വ) രാവിലെ മുതൽ മഞ്ചേരി ചുള്ളക്കാട് ജി.യു.പി. സ്കൂൾ, നിലമ്പൂർ അമൽ കോളെജ് എന്നിവിടങ്ങളിൽ നടക്കും. വോട്ടെണ്ണല്‍ കേന്ദ്രമായ നിലമ്പൂര്‍ അമല്‍ കോളജിലാണ് സ്‌ട്രോങ് റൂമുകളും സജ്ജീകരിച്ചിട്ടുള്ളത്. 23നാണ് വോട്ടെണ്ണല്‍.
വാർത്താ സമ്മേളനത്തിൽ ഇലക്ഷൻ സെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ജില്ലാ ഇൻഫർമേ
ഷൻ ഓഫീസർ കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ