കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്? ഉത്തരത്തിന് അടുത്തെത്തി ശാസ്ത്രലോകം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ലോകത്ത് ഇതുപോലെ തർക്കവിഷയമായിട്ടുള്ള മറ്റൊരു കാര്യമില്ല. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഈ വിഷയത്തിൽ ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ജനീവ സർവകലാശാലയിലെ ബയോ കെമിസ്റ്റ് മറൈൻ ഒലിവേറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നിൽ. ഭ്രൂണം പോലുള്ള ഘടനകൾ രൂപപ്പെടുത്താനുള്ള കഴിവ് മൃഗങ്ങളുടെ ആവിർഭാവത്തിന് മുമ്പായിരിക്കാമെന്നാണ് പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നൂറുകോടി വർഷങ്ങളായി നിലനിൽക്കുന്ന ഇക്ത്യോസ്പോറിയൻ സൂക്ഷ്മജീവിയായ ക്രോമോസ്ഫേറ പെർകിൻസി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ​ഗവേഷകർ ഈ അനുമാനത്തിലെത്തിയത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ജീവികളുടെ ഭ്രൂണവികാസത്തിന് സമാനമായ പുനർനിർമാണം ക്രോമോസ്ഫേറ പെർകിൻസി നടത്തുന്നുവെന്നാണ് ​പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളുടെ ഭ്രൂണവളർച്ചയുടെ പ്രാരംഭഘട്ടത്തോട് സാമ്യമുള്ള പാലിൻ്റോമി എന്ന പ്രക്രിയയ്ക്ക് ക്രോമോസ്ഫേറ പെർകിൻസി വിധേയമാകുന്നുവെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

പാലിന്റോമി ഘട്ടത്തിനുശേഷം ജീവികൾ ആദ്യകാല ജന്തു ഭ്രൂണങ്ങളുടെ സവിശേഷതയായ പൊള്ളയായ ​ഗോളാകൃതിയിലുള്ള കോശങ്ങളെ, അഥവാ ഒരു ബ്ലാസ്റ്റുലയെ അനുസ്മരിപ്പിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാക്കുന്നു. ഈ കോളനിക്കുള്ളിൽ കുറഞ്ഞത് രണ്ട് വ്യത്യസ്ത സെൽ തരങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഒരു ബില്യൺ വർഷങ്ങൾക്ക് മുമ്പ് മൃഗങ്ങളുടെ വംശത്തിൽനിന്ന് ഇക്ത്യോസ്പോറിയൻസ് വിഭാ​ഗം വ്യതിചലിച്ചതിനാൽ ഈ കണ്ടെത്തൽ വളരെ പ്രധാനമാണ്.

ക്രോമോസ്ഫേറ പെർകിൻസിയുടെ പ്രത്യുത്പാദന പ്രക്രിയയും മൃഗങ്ങളുടെ ഭ്രൂണവികാസവും തമ്മിലുള്ള സാമ്യം, സങ്കീർണ്ണമായ ബഹുകോശ ജീവികളുടെ പരിണാമത്തിന് വളരെ മുമ്പുതന്നെ നിലനിന്നിട്ടുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

എങ്കിലും വ്യത്യസ്ത സ്പീഷീസിൽപ്പെട്ട ജീവികളിൽ സമാനമായ സ്വഭാവവിശേഷങ്ങൾക്ക് കാരണമാകുന്ന സംയോജിത പരിണാമവും (Convergent Evolution) ഇതിന് കാരണമാണെന്ന മുന്നറിയിപ്പും ശാസ്ത്രജ്ഞർ നൽകുന്നുണ്ട്. നാച്വർ മാ​ഗസിനിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷി-മൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് വെളിച്ചം വീശുന്നതിലുപരി നമ്മുടെ ഗ്രഹത്തിലെ ഏറ്റവും ലളിതമായ ജീവജാലങ്ങളുടെ പോലും ശ്രദ്ധേയമായ സങ്കീർണ്ണതയും വൈവിധ്യവും പ്രകടമാക്കുകയും ചെയ്യുന്നതാണ് റിപ്പോർട്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *