ജയില്‍ ചാടിയ പ്രതി മാസ്‌കിട്ട് അങ്ങാടിയില്‍; ഓടിച്ചിട്ട് പിടികൂടി പോലീസ്

കോഴിക്കോട്: പോലീസിനെ വട്ടം കറക്കി ജയിലില്‍ നിന്നു ചാടി രക്ഷപ്പെട്ട പ്രതി ഒടുവില്‍ വലയില്‍. ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്‍റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കണ്‍ട്രോള്‍ റൂം പോലീസാണ് പിടികൂടിയത്.

പന്നിയങ്കര പോലീസ് രജിസ്റ്റർചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടില്‍ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹില്‍ അത്താണിക്കലിൽ വച്ച്‌ പിടികൂടിയത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ രാത്രി 7.45ഓടെയാണ് അജ്ഞാതന്‍റെ ടെലിഫോണ്‍ സന്ദേശമെത്തിയത്. ജയില്‍ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അത്താണിക്കല്‍ അങ്ങാടിയില്‍ മാസ്‌ക് ധരിച്ച്‌ കറങ്ങി നടക്കുന്നുണ്ടെന്നായിരുന്നു സന്ദേശം.

ഉടന്‍തന്നെ ആ ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാള്‍ ഓടി. പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാര്‍ ഷോറൂമിന് പിന്‍വശത്തുവച്ച്‌ പിടികൂടി. പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച ജയില്‍വരാന്തയില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുന്ന തക്കത്തില്‍ ഇയാള്‍ രണ്ടാംനിലയിലെ കെട്ടിടത്തിലെ ഓടുനീക്കി പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *