നിരോധിത പ്ലാസ്റ്റിക്കിന് ജനുവരി ഒന്നുമുതൽ പിടിവീഴും

മലപ്പുറം: സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവുമില്ലാതാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ വി.ആർ. വിനോദ്.

ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുൾപ്പെടെയുള്ള അംഗീകാരമില്ലാത്ത എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുക്കും. കച്ചവടക്കാരും ഹോട്ടലുകാരോടും ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. കടകളിൽ സൂക്ഷിക്കുന്ന അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തും.

മൊത്ത, ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ഈ പരിശോധനയുണ്ടാകും. സാധനം വാങ്ങാൻ കടകളിലേക്ക് പോകുന്നവർ പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പാത്രങ്ങൾ ഉപയോഗിക്കാൻ തയ്യാറാകണം. നിരോധിച്ച െഫ്ളക്സ് ബോഡുകളുടെ ഉപയോഗവും നിർത്തലാക്കും. അംഗീകാരമില്ലാത്ത പ്ലാസ്റ്റിക് ഗ്ലാസുകളുടെ ഉപയോഗവും തടയും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്നത് തടയും. ഇതിനായി പഞ്ചായത്തുതലത്തിലുള്ള സ്ക്വാഡുകൾക്ക് കൃത്യമായ അവബോധം നൽകി പ്രവർത്തനം ശക്തമാക്കും.

മുൻകൂർ അറിയിപ്പൊന്നുമില്ലാതെയുള്ള പരിശോധനയിലൂടെ മാലിന്യം വലിച്ചെറിയാനെത്തുന്നവരുടെ വാഹനങ്ങളടക്കം പിടിച്ചെടുക്കുമെന്നും മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ കളക്ടർ പറഞ്ഞു. പത്രസമ്മേളനത്തിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ എ. ആതിരയും പങ്കെടുത്തു.

ജനങ്ങൾ സഹകരിക്കണം

മാലിന്യസംസ്കരണത്തിൽ ജില്ലയെ മെച്ചപ്പെട്ട നിലയിലെത്തിക്കാൻ പരിശ്രമിക്കും. ഇതിനാവശ്യമായ മാലിന്യങ്ങൾ ശേഖരിച്ചുവെക്കുന്ന എം.സി.എഫ്., എസ്.ടി.പി. തുടങ്ങിയ സംവിധാനങ്ങൾ ആവശ്യാനുസരണം ഓരോ നാട്ടിലുമൊരുക്കും.

തദ്ദേശ സ്ഥാപനങ്ങൾക്ക് താത്പര്യമുണ്ടെങ്കിലും പലപ്പോഴും പ്രാദേശിക എതിർപ്പുകളാൽ ഇവ തുടങ്ങാനാകുന്നില്ല. ജനങ്ങൾക്ക് പ്രയാസമില്ലാത്ത രീതിയിൽ ഈ സംവിധാനങ്ങളൊരുക്കും. ബയോഡീഗ്രേഡിബിൾ ബിന്നുകളുടെ എണ്ണംകൂട്ടും. അനാവശ്യ എതിർപ്പുകളുയർത്തി മാലിന്യനിർമാർജനപ്രവർത്തനങ്ങൾക്ക് തടയിടാനാരും ശ്രമിക്കരുതെന്നും കളക്ടർ പറഞ്ഞു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *