ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാല്; 27-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഫെസ്റ്റിലൂടെ മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് .

ബേപ്പൂര്‍:അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായതായി മന്ത്രി പറഞ്ഞു. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന് മുന്നോടിയായി ബേപ്പൂരില്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 27, 28, 29 തിയതികളിലായി നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം 27-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. എം.കെ. രാഘവന്‍ എംപി, മേയര്‍ ബീന ഫിലിപ്പ് വിശിഷ്ടാതിഥികളാകും. സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. വേദിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് ബീച്ചില്‍ നിന്നും സൈക്ലിംഗിലൂടെ ബേപ്പൂര്‍ ബീച്ചിലെത്തിക്കും. ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉദ്ഘാടന ദിനം അരങ്ങേറും.

കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തു പകരുന്നതാണ് മലബാര്‍ ടൂറിസം വികസനം. അതിന്റെ ഭാഗമായാണ് മനോഹരമായ ബീച്ചുകളുള്ള ബേപ്പൂരില്‍ ജലകായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു വാട്ടര്‍ ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമെടുത്തത്. ഈ ആശയം ജനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ സംഘാടകരായി മുന്നോട്ടു വരികയും ചെയ്യുന്നതാണ് ആദ്യ വര്‍ഷം തന്നെ കാണാനായത്. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വര്‍ഷവും ഫെസ്റ്റിവലിലെത്തുന്നത്. ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി രൂപ മാറ്റി വെച്ചതെന്നും മന്ത്രി പറഞ്ഞു. നൂതന ആശയങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ജനങ്ങളും ടൂറിസം വകുപ്പുമാണ് ഫെസ്റ്റിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചത്- മന്ത്രി പറഞ്ഞു.
ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഡിസംബര്‍ 25 മുതല്‍ 31 വരെ നടക്കും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ .ഷംസീര്‍ നിര്‍വ്വഹിക്കും. ബേപ്പൂര്‍ ബീച്ച്, ചാലിയം ബീച്ച്, നല്ലൂര്‍ മിനി സ്റ്റേഡിയം എന്നീ വേദികളില്‍ മൂന്ന് ദിവസങ്ങളിലായി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 28, 29 തിയ്യതികളില്‍ ഡ്രോണ്‍ ലൈറ്റ് ഷോ ആകാശത്ത് വിസ്മയം തീര്‍ക്കും.
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഫിങ്, സെയിലിംഗ്, കനോയിംങ്, ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിംഗ്, ഫ്‌ളൈ ബോര്‍ഡ്, കയാക്കിങ്, സ്റ്റാന്റ് അപ്പ് പാഡ്ഡിംഗ് റേസ് ഡിങ്കി ബോട്ട് റേസ്, വലവീശല്‍, ഫ്‌ളൈ ബോര്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍, ട്രഷര്‍ ഹണ്ട്, കണ്‍ട്രി ബോട്ട് റേസ്, ചൂണ്ടയിടല്‍, നേവി – കോസ്റ്റ്ഗാര്‍ഡ് ഷിപ്പ് വിസിറ്റ്, നേവി ബാന്‍ഡ്, നേവി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഡെമോണ്‍സ്‌ട്രേഷന്‍ തുടങ്ങി നിരവധി ജല- സാഹസിക പരിപാടികള്‍ സംഘടിപ്പിക്കും.
മലബാറിലെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഡിസംബര്‍ 27-ന് ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റ് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ സംഘടിപ്പിക്കും. 27 മുതല്‍ 29വരെ ബേപ്പൂര്‍, നല്ലൂര്‍, ചാലിയം ബീച്ച് എന്നീ വേദികളില്‍ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത വിരുന്ന്, മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവയും അരങ്ങേറും. ഫറോക്കിലെ നല്ലൂരില്‍ എക്സിബിഷന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 29-ന് സമാപന സമ്മേളനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

സംഘാടക സമിതി ഓഫീസില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .കെ ശൈലജ, കെ.ടി.ഐ.എല്‍. ചെയര്‍മാന്‍ എസ് കെ സജീഷ്, ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ഡി .ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഫറോക്ക് എസി .പി . എ എം സിദ്ദീഖ്, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *