മാനന്തവാടി : മകനോടുള്ള വിരോധംമൂലം കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി അബൂബക്കർ (67) ആണ് അറസ്റ്റിലായത്. മറ്റു ചിലരുടെ സഹായത്തോടെയാണ് മകൻ്റെ കടയിൽ അബൂബക്കർ കഞ്ചാവ് കൊണ്ടുവന്ന് വച്ചതെന്നാണ് വിവരം. ഇതിനുശേഷം എക്സൈസിനെ വിളിച്ച് കടയിൽ കഞ്ചാവുണ്ടെന്ന വിവരം നൽകി. എന്നാൽ അവസാനം പിതാവ് തന്നെ പിടിയിലായി.
മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിൻ്റെ മകൻ നൗഫലിന്റെ സ്ഥാപനമുള്ളത്. സെപ്റ്റംബർ ആറിനായിരുന്നു കേസിനാസ്‌പദമായ സംഭവം. നൗഫൽ പള്ളിയിൽ നിസ്കരിക്കാൻ പോയ സമയത്താണ് അബൂബക്കർ കൃത്യം നടപ്പാക്കിയത്.
എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ നിന്ന് 2.095 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്ന് നൗഫൽ വ്യക്തമാക്കി. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നൗഫൽ നിരപരാധിയാണെന്ന്
ബോധ്യമായതോടെ ഉടൻ തന്നെ ജാമ്യം നൽകി വിട്ടയച്ചു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് അബൂബക്കറിൻ്റെ പങ്ക് വ്യക്തമായത്. അബൂബക്കറിൻ്റെ കീഴിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയും ഓട്ടോ ഡ്രൈവറായ ജിൻസ് വർഗീസും അബ്ദുള്ള എന്നയാളുമാണ് അബൂബക്കറിനെ സഹായിച്ചത്.
കർണാടകയിൽ നിന്നായിരുന്നു സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാൻ സഹായം നൽകിയ ജിൻസിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കറിനെ മുഖ്യപ്രതിയാക്കിയാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. കോടയിൽ ഹാജരാക്കിയ അബൂബക്കറിനെ റിമാൻഡ് ചെയ്തു.