യാത്രക്കിടെ വാഹനം ഇടയ്ക്കൊന്ന് നിർത്തി എഞ്ചിൻ ഓഫ് ചെയ്യാതെ ഗ്ലാസടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? അങ്ങനെ ചെയ്യുന്നത് അപകടകരമാണെന്ന് ഓർമിപ്പിക്കുകയാണ് മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്‍റ് . നടൻ വിനോദ് തോമസിനെ കാറിനുള്ളിലും വടകരയില്‍ രണ്ട് പേരെ കാരവനിലും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംവിഡിയുടെ ഓർമപ്പെടുത്തല്‍.
*വില്ലൻ കാർബണ്‍ മോണോക്സൈഡ്*
നമ്മുടെ കാറിലെ ഇന്ധനം കത്തുമ്ബോഴുണ്ടാകുന്ന ബൈപ്രൊഡക്ടാണ് കാർബണ്‍ മോണോക്സൈഡ്. ഈ കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കണ്‍വെർട്ടർ എന്ന യൂണിറ്റിലെത്തി കാർബണ്‍ ഡയോക്സൈഡായാണ് എക്സോസ്റ്റിലൂടെ പുറത്തുപോകുന്നത്. കാലപ്പഴക്കം കാരണം തുരുമ്ബിച്ചും ലീക്ക് വന്നും മറ്റും കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കണ്‍വെർട്ടറില്‍ എത്താതെ പോകുന്ന സാഹചര്യമുണ്ട്. അപ്പോള്‍ കാർബണ്‍ മോണോക്സൈഡ് അതേപടി പുറത്തുവരും.
കാർബണ്‍ മോണോക്സൈഡ് വാഹനത്തിനുള്ളില്‍ എത്തുന്നതിങ്ങനെ
നമ്മള്‍ കരുതുംപോലെ വാഹനം പൂർണമായി എയർടൈറ്റ് യൂണിറ്റല്ല. ചെറിയ സുഷിരങ്ങള്‍ വഴിയും ചെറിയ എയർ ഗ്യാപ്പ് വഴിയും കാർബണ്‍ മോണോക്സൈഡ് വാഹനത്തിന്‍റെ ഉള്ളില്‍ പ്രവേശിക്കുന്നു. ഈ കാർബണ്‍ മോണോക്സൈഡ് നമ്മള്‍ ശ്വസിക്കുമ്ബോള്‍ ഓക്സിജനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലോബിൻ എന്ന ഘടകം ഉണ്ടാകുന്നു. ഇതുകാരണം ശരീരത്തിലെ കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്സിജൻ കിട്ടാതെ വരും. ഇതോടെ വാഹനത്തിലിരിക്കുന്നയാള്‍ അബോധാവസ്ഥയിലാകും. മദ്യമോ മറ്റ് ലഹരി പദാർത്ഥകളോ മറ്റും കഴിച്ചാണ് വാഹനത്തിലിക്കുന്നതെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപേ അബോധാവസ്ഥയിലാവുകയും പിന്നാലെ മരണം സംഭവിക്കുകയും ചെയ്യുമെന്ന് എംവിഡി വിശദീകരിക്കുന്നു.
*എഞ്ചിൻ ഓഫാക്കാതെ എസിയിടുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
വാഹനങ്ങള്‍ യാത്ര ചെയ്യാനുള്ളതാണ്, അത് ഓഫീസോയോ വിശ്രമകേന്ദ്രമായോ കഴിവതും ഉപയോഗിക്കരുതെന്നാണ് എംവിഡിയുടെ ഓർമപ്പെടുത്തല്‍. വാഹനങ്ങളിലെ നീണ്ട വിശ്രമങ്ങള്‍ ഒഴിവാക്കണം. ഇനി കുറച്ചുനേരം അങ്ങനെ വിശ്രമിക്കേണ്ടി വന്നാല്‍ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുക്കരുത്. തുറസ്സായതും വായുസഞ്ചാരമുള്ളതും സുരക്ഷിതമായതുമായ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുക. ഗ്ലാസ് പൂർണമായി അടയ്ക്കാതെ ചെറിയ ഗ്യാപ് ഇടാൻ ശ്രദ്ധിക്കണം. എക്സോസ്റ്റ് സിസ്റ്റം നിരന്തരം പരിശോധിക്കണം. ലീക്കില്ലെന്ന് ഉറപ്പുവരുത്തണം.