ഓട്ടോറിക്ഷകളുടെ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായതോടെ അനുകൂലിച്ചും പ്രതിഷേധിച്ചും രംഗത്തെത്തുകയാണ് ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ.ഓട്ടോറിക്ഷകളുടെ സ്റ്റേറ്ര് പെർമിറ്റ് നിലവിൽ വന്നാൽ യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോവുകയും മടങ്ങുകയും ചെയ്യാം. ജനങ്ങളുടെ ദീർഘദൂര യാത്രകളെ എളുപ്പമാക്കാൻ പുതിയ നയം സഹായിക്കുമെങ്കിലും തങ്ങളുടെ ജോലിയെ ഇത് ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികൾ.
സംസ്ഥാനത്തെവിടെയും സർവീസ് നടത്താമെന്ന സ്ഥിതി വന്നാൽ നിലവിലുള്ള ഓട്ടോ സ്റ്റാൻഡുകളും, അവിടുത്തെ നിശ്ചിത എണ്ണം ഓട്ടോകളും എന്ന സ്ഥിതി മാറും. പതിവിലധികം ഓട്ടോകൾ ഒരു സ്റ്റാൻഡിലോ, പ്രദേശത്തോ എത്തിയാൽ ഓട്ടോക്കാർക്കിടയിൽ തന്നെ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്.
ഓട്ടോറിക്ഷാ തൊഴിലാളികളിൽ പ്രായമായ പലരും ദീർഘദൂര ഓട്ടങ്ങൾ എടുക്കാതെ ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. പുതിയ ഭേദഗതി ഇവരെ ദോഷകരമായി ബാധിക്കും. എവിടെയും സർവീസ് നടത്താൻ സാധിക്കും എന്നതിനാൽ പുതിയ വ്യവസ്ഥ പ്രകാരം യാത്രകളിൽ റിട്ടേൺ ചാർജ് എടുക്കാൻ സാധിക്കില്ല.
ഇതും ഓട്ടോതൊഴിലാളികൾ പ്രശ്നമായിഉയർത്തിക്കാണിക്കുന്നുണ്ട്.









