തിരൂർ: പൂങ്ങോട്ടുകുളത്ത് വെച്ച് സ്കൂട്ടർ ഓടിച്ചു പോവുകയായിരുന്ന ആളെ ഇടിച്ചിട്ട് നിർത്താതെ പോയ കാറും ഡ്രൈവറും രണ്ട് മാസത്തിന് ശേഷം തിരൂർ പോലീസിന്റെ പിടിയിലായി. വട്ടത്താണി സ്വദേശി കണക്കഞ്ചേരി ഷിഞ്ചു (35) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബർ 14 ന് ആണ് ഖയാം തീയേറ്ററിന് സമീപം വെച്ച് സ്കൂട്ടർ യാത്രക്കാരനായ ബേപ്പൂർ സ്വദേശിയായ യുവാവിനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയത്. അപകടത്തിൽ യുവാവിൻറെ മൂന്ന് പല്ലുകൾക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു..
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയ പോലീസ് നൂറോളം സിസിടിവികൾ പരിശോധിക്കുകയും വിവിധ കാർ ഷോറൂമുകൾ വഴിയും അന്വേഷണത്തുകയും ചെയ്തതിൽ അപകടത്തിനിടയാക്കിയ വട്ടത്താണി സ്വദേശിയുടെ കാർ തിരിച്ചറിഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.. സിസിടിവിയിൽ നിന്നും കാർ നമ്പർ വ്യക്തമല്ലാതിരുന്നതിനാൽ കാറിൻറെ മോഡൽ തിരിച്ചറിഞ്ഞ് ഷോറൂമുകളിൽ നിന്നും നമ്പർ മനസ്സിലാക്കി ആർസി രേഖകൾ പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള വിവരം കണ്ടെത്തിയത്. പ്രതിക്ക് നിയമനുസരണം ഉള്ള നോട്ടീസ് നൽകുകയും കസ്റ്റഡിയിലെടുത്ത കാർ കോടതിക്ക് കൈമാറുകയും ചെയ്തു..