തിരൂരങ്ങാടി : സ്വകാര്യ ചാനലിന് വീഡിയോ പകർത്താനായി യുവാവിനെ കയ്യാമം വെച്ചതായി പരാതി. സാമൂഹ്യ മാധ്യമത്തിൽ സ്വകാര്യ ചാനൽ മേധാവിയെ കുറിച്ച് വന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്ന പരാതിയിൽ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത മൂന്നിയൂർ യു എച്ച് നഗർ സ്വദേശി ചെമ്പൻ അബ്ദുൾ റഷീദിനെയാണ് കയ്യാമം വെച്ച് വീഡിയോ ഷൂട്ടിന് ഇരയാക്കിയത്. ഒരു സൈബർ കേസ് ഉണ്ടെന്നും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്നും തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ നിന്നും റഷീദിനെ അറിയിച്ചിരുന്നു. ഹാജരാകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാത്രി 11 ഓടെ വീട് വളഞ്ഞ് പോലീസ് റഷീദിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ സ്വകാര്യ ചാനലിൻ്റെ ടീം എത്തിയതിന് ശേഷം കൈയ്യിൽ വിലങ്ങ് അണിയിച്ച് സ്റ്റേഷനിൽ നിന്നിറക്കി ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് എന്ന വ്യാജേന കുറച്ച് ദൂരം കൊണ്ടു പോയി തിരിച്ച് സ്റ്റേഷനിൽ തന്നെ എത്തിച്ചു. ഇതിന് ശേഷം വ്യാഴാഴ്ച അർധരാത്രിയോടെയാണ് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ മലപ്പുറം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ജാമ്യം അനുവദിച്ചു. സാമൂഹ്യ മാധ്യമത്തിൽ വന്ന ഒരു പോസ്റ്റ് ഷെയർ ചെയ്തതിന് യുവാവിനെ മാനസികമായി തകർക്കുന്ന രീതിയിൽ തിരൂരങ്ങാടി പോലീസ് പെരുമാറിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്,റഷീദിനെ കുടുംബം മനുഷ്യവകാശ കമ്മീഷനും യുവജന കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്,
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.