കൊച്ചി: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനത്തിനെതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. സ്‌കൂട്ടറിന്റെ ബാറ്ററി, ചാർജർ എന്നിവയുടെ വിലയായ 18,150 രൂപയും കോടതിച്ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
എറണാകുളം മഴുവന്നൂർ സ്വദേശി ജിജോ ജോർജ് 2020 ആഗസ്റ്റിലാണ് 59,990 രൂപ നൽകി പെരുമ്പാവൂരിലെ സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. ബാറ്ററിക്ക് ഒരു വർഷത്തെ വാറന്റി സ്ഥാപനം നൽകിയിരുന്നു. എന്നാൽ, സ്കൂട്ടർ വാങ്ങി കുറച്ചു മാസം കഴിഞ്ഞപ്പോൾ തന്നെ ബാറ്ററി തകരാറിലായി. വണ്ടിയുമായി സ്ഥാപനത്തിൽ എത്തിയപ്പോൾ പഴയ ബാറ്ററി റിപ്പയർ ചെയ്‌തുനൽകി. ഇതിന് ശേഷവും നിരവധി തവണ ബാറ്ററി തകരാറിലായി. ഇതോടെ പുതിയ ബാറ്ററി വാങ്ങാൻ ജിജോ ജോർജ് നിർബന്ധിതനായി. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. സ്ഥാപനത്തിൻ്റെ നടപടി അധാർമിക വ്യാപാരത്തിന്റെ പരിധിയിൽ വരുമെന്ന് കമ്മീഷൻ കണ്ടെത്തി.