ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും കേരളീയകലാരൂപങ്ങൾ പഠിക്കാനും പരിശീലിക്കാനും ‘ഡിജിറ്റൽ ആർട്സ് സ്കൂൾ’ ഒരുങ്ങുന്നു. ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിലുള്ള സെൻറർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഇൻ കൾച്ചർ (സി.ഡി.ടി.സി) എന്ന പഠനവിഭാഗമാണ് ഇതിനു തുടക്കമിടുന്നത്. മോഹിനിയാട്ടവും ഭരതനാട്യവും ഉൾപ്പെടെയുള്ള ശാസ്ത്രീയനൃത്തങ്ങൾക്കു പുറമെ, നാടൻകലാരൂപങ്ങളും ഓൺലൈനായി പഠിപ്പിക്കും. ഇതിനായി നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രത്യേക സോഫ്റ്റ്വേറും സി.ഡി.ടി.സി വികസിപ്പിക്കും.
സാംസ്കാരികവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകളായിരിക്കും. പിന്നീട്, ഡിപ്ലോമ, ഡിഗ്രി കോഴ്സുകളും നടപ്പാക്കി, യു.ജി.സി നിർദേശമനുസരിച്ചുള്ള അക്കാദമിക ക്രെഡിറ്റും ഏർപ്പെടുത്തി കോളേജ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നു. ജനറേറ്റീവ് എ.ഐ, ഡിജിറ്റൽ സയൻസ്, മെഷീൻ ലേണിങ്, കംപ്യൂട്ടർവിഷൻ, ഡേറ്റാ സയൻസ്, ബ്രെയിൻ കംപ്യൂട്ടിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യയുടെ സഹായത്താലാണ് പ്രവർത്തനം.