മഞ്ചേരിയില്‍ സ്വര്‍ണ്ണ വ്യാപാരികളെ ആക്രമിച്ച്‌ 117 പവൻ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു

മഞ്ചേരി : കാട്ടുങ്ങലില്‍ സ്വർണ്ണാഭരണ വ്യാപാരികളെ ആക്രമിച്ച്‌ 117 പവൻ സ്വർണ്ണം കവർന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍.

സഹോദരങ്ങളായ തിരൂർക്കാട് കടവത്ത് പറമ്പ് വീട്ടില്‍ സിവേഷ് (34), ബെൻസു (39) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കവർച്ച ചെയ്യപ്പെട്ട നിഖില ബാംഗിള്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സിവേഷാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. സ്ഥാപനത്തിലെ സ്വർണ്ണം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും ഇയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇയാള്‍ ആസൂത്രണം നടത്തി സഹോദരനായ ബെൻസുവിനെയും മറ്റ് പ്രതികളെയും വിവരങ്ങള്‍ അറിയിച്ച ശേഷം കവർച്ചക്ക് പദ്ധതി തയ്യാറാക്കുകയായിരുന്നു.

നോമ്ബുതുറക്കുന്ന സമയത്ത് റോഡില്‍ വാഹനങ്ങളും ആളുകളും കുറവായതിനാല്‍ ഈ സമയത്താണ് കവർച്ച നടത്താൻ പ്രതികള്‍ തീരുമാനിച്ചത്. ആസൂത്രണം ചെയ്തതനുസരിച്ച്‌ സ്വർണ്ണാഭരണങ്ങളുമായി സ്കൂട്ടറില്‍ വരുന്നവരെ കടകളില്‍ വെള്ളം കുടിക്കാനായി കയറിയിറങ്ങി കൂട്ടുപ്രതികള്‍ക്ക് ആക്രമിക്കാൻ സൗകര്യമൊരുക്കി നല്‍കി. ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ നിർത്തി മറ്റു പ്രതികള്‍ സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങള്‍ കവർച്ച ചെയ്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

പ്രതികള്‍ രക്ഷപ്പെടുന്നത് കണ്ട് സംശയം തോന്നിയ ഇരുമ്ബുഴി സ്വദേശി മുഹമ്മദ് മുൻഷിർ പ്രതികളെ പിന്തുടർന്ന് ബൈക്കിന്റെ ഫോട്ടോ എടുത്ത് മഞ്ചേരി പോലീസിന് കൈമാറിയത് കേസില്‍ നിർണായകമായി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *