16കാരിയെ വിവാഹം ചെയ്ത് പീഡിപ്പിച്ച കേസിലെ പ്രതിയെ സൗദിയില്‍ ചെന്ന് പൊക്കി കേരള പോലീസ്

പതിനാറുകാരിയെ വിവാഹം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷം സൗദിയിലേക്ക് മടങ്ങിയ മലയാളിക്ക് ഒടുവില്‍ കൈവിലങ്ങ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ലൈംഗിക പീഡന പരാതിയിലാണ് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് റിയാദിലെത്തി ഏറ്റുവാങ്ങിയത്. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.

മണ്ണാര്‍ക്കാട് ഡിവൈഎസ്പി സുന്ദരനും സംഘവുമാണ് കഴിഞ്ഞദിവസം റിയാദിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹ നിയമ ലംഘനം, പോക്‌സോ കേസ് എന്നിവയാണ് പ്രതിക്കെതിരെയുള്ളതെന്ന് പൊലീസ് സംഘം പറഞ്ഞു.

2022-ലാണ് 16 വയസുള്ള കുട്ടിയെ യുവാവ് വിവാഹം കഴിച്ചത്. റിയാദില്‍ ജോലി ചെയ്യുന്ന ഇയാള്‍ കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുശേഷം അവധി കഴിഞ്ഞ് മടങ്ങി.

മാസങ്ങള്‍ക്ക് ശേഷം വധുവും ബന്ധുക്കളും ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചാര്‍ജ് ചെയ്തത്. മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രതി സൗദിയിലായതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അറസ്റ്റ് യന്ന് 2022-ന് ശേഷം പ്രതി നാട്ടിലേക്ക് പോയിട്ടില്ല.

റെഡ് കോര്‍ണര്‍ നോട്ടീസിന് പിന്നാലെ നാഷനല്‍ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സൗദി ഇന്റര്‍പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് അറസ്റ്റ് സംബന്ധിച്ച വിവരം കേരള പൊലീസിന് ലഭിക്കുന്നത്.

പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടര്‍നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം 20-നാണ് മണ്ണര്‍ക്കാട് ഡി.വൈ.എസ്.പി സുന്ദരന്‍, എസ്.സി പോലീസ് ഓഫീസര്‍ കെ. നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ റംഷാദ് എന്നിവരടങ്ങുന്ന സംഘം റിയാദിലെത്തിയത്.

തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രതിയെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച രാത്രി 10 ഓടെ സൗദി നാഷനല്‍ ക്രൈം ബ്യുറോ പ്രതിയെ റിയാദ് കിങ് ഖാലിദ് എയര്‍പ്പോര്‍ട്ടില്‍ വെച്ച് കേരള പൊലീസ് സംഘത്തിന് കൈമാറി. പ്രതിയുമായി പോലീസ് കേരളത്തിലെത്തിയിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *