കോഴിക്കോട് : 25 രൂപയ്ക്ക് ഊണും 60 രൂപക്ക് ബിരിയാണിയും വിളമ്പി കോഴിക്കോട് നഗരത്തിലെത്തുന്നവരുടെ മനസ്സും വയറു നിറച്ച കാദർക്ക മെസ്സ് ഹൗസ് ഉടമ കാദർക്ക നിര്യാതനായി.
നഗരത്തിൽ ചെറിയ ശമ്പളത്തിന് ജോലിയെടുക്കുന്ന തൊഴിലാളികളുടേയും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരുടേയും പ്രധാന ആശ്രയമായിരുന്നു ഈ മെസ്സ്. ആദ്യം ചെമ്മണ്ണൂർ ജ്വല്ലറിയുടെ അടുത്തുള്ള ചെറിയ വീട്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് പിന്നീട് സ്റ്റേഡിയത്തിന് അടുത്തുള്ള യൂണിറ്റി ഹൗസിന് തൊട്ടരികിലുള്ള വീട്ടിലേക്ക് മാറ്റി.
ഇവിടെ സപ്ലയർമാർ അല്ല ഭക്ഷണം വിളമ്പിയിരുന്നത് എന്നതാണ് ഈ മെസ്സിന്റെ പ്രത്യേകത.
മെസ്സിന്റെ ഓരോ ടേബിളിലും ആളുകൾക്ക് കഴിക്കാനായി ചോറും കറികളും പാത്രത്തിൽ ആക്കി വെച്ചിട്ടുണ്ടാവും കൂടാതെ രണ്ട് ജാറുകളിലായി പച്ചവെള്ളവും കഞ്ഞിവെള്ളവും ഒരുക്കിയിട്ടുണ്ടാവും. വെള്ളിയാഴ്ചയാണ് 60 രൂപയ്ക്ക് ബിരിയാണി നൽകിയിരുന്നത്. കുറഞ്ഞ പൈസക്ക് വയറും മനസ്സും നിറക്കാം എന്നതായിരുന്നു കാദർ മെസ്സിന്റെ പ്രത്യേകത.