കോട്ടയ്ക്കൽ: വി.പി. എസ്. വി. ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) അന്തരിച്ചു.ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ നടക്കും. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 2018ൽ ആണ് പ്രിൻസിപ്പലായത്. കേരള ആയുർവേദിക് സ്‌റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ അധികച്ചുമതലയും കുറച്ചുനാൾ വഹിച്ചു. കേരളത്തിനു അകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ ആയുർവേദ ബോർഡ് ഓഫ് സ്‌റ്റഡീസ്, ഫാക്കൽറ്റി ഓഫ് ആയുർവേദ എന്നിവയിൽ അംഗമായും ചെയർമാനായും പ്രവർത്തിച്ചു. ജംനഗർ ഐ.ടി.ആർ.എ.യുടെ ഗവേണിങ് ബോഡി, സയന്റിഫിക് ഉപദേശക സമിതി, ജയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് മാനേജ്മെന്റ്, നാഷനൽ കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ എത്തിക്സ് കമ്മിറ്റി എന്നിവയിൽ അംഗമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത് കോട്ടയ്ക്കൽ യൂണിറ്റ് പ്രസിഡന്റ്, എ.കെ.പി.സി.ടി.എ സംസ്ഥാന കൗൺസിൽ അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ഫാക്ടറി മുൻ മാനേജർ കെ.വി.രുദ്രവാരിയരുടെയും രാധ വാരസ്യാരുടെയും മകനാണ്. ഭാര്യ: ഡോ.പി.എസ്.സിന്ധുലത (മെഡിക്കൽ ഓഫിസർ, ആയുഷ് വകുപ്പ് ). പിന്നണി ഗായികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകയുമായ പാർവതി, ബെംഗളൂരുവിൽ ബയോടെക്നോളജി വിദ്യാർഥിനിയായ പവിത്ര എന്നിവർ മക്കളാണ്. മരുമകൻ: അർജുൻ.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ