തിരുവനന്തപുരം : ഇപി ജയരാജൻ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാല്‍ അവരാരും രാജിവെച്ചിട്ടില്ല. ധാർമ്മികതയുടെ പേരില്‍ രാജിവെച്ചാല്‍ കുറ്റവിമുക്തനായാല്‍ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഇടത് മുന്നണി കണ്‍വീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണന് പകരം ചുമതല നല്‍കി. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് ഇപി ജയരാജൻ്റെ പ്രവർത്തനത്തില്‍ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളില്‍ നിന്ന് പികെ ശശിയെ പാർട്ടി ഒഴിവാക്കി. കെടിഡിസി ചെയർമാൻ സ്ഥാനം സർക്കാരിൻ്റെ ഭാഗമായുള്ള പദവിയാണ്.
ഇന്ത്യയിലാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കേരളത്തില്‍ ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇത് ജുഡീഷ്യല്‍ കമ്മീഷനല്ല. ഹേമ കമ്മിറ്റി നല്‍കിയ ശുപാർശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സിനിമാ രംഗത്ത് ഐസിസി ആദ്യം തുടങിയത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോണ്‍ക്ലേവിന് എതിർ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകും. നിയമനിർമ്മാണവും ട്രിബ്യൂണലും അനിവാര്യമാണ്. ജസ്റ്റിസ് ഹേമ നല്‍കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. റിപ്പോർട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഒരു അമാന്തവും സർക്കാർ കാണിച്ചിട്ടില്ല. ഭരണകക്ഷി എംഎല്‍എക്കെതിരെ പോലും കേസെടുത്തു. ഇത് രാജ്യത്തിന് മാതൃകയാണ്. ഗുസ്തി താരങ്ങളുടെ പരാതിയില്‍ കേന്ദ്രസർക്കാർ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മുകേഷ് രാജിവെക്കണമെന്ന നിലയില്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പാർട്ടിയില്‍ വിശദമായ ചർച്ച നടത്തി. രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും സ്തീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. കേരളത്തില്‍ 2 എംഎല്‍എമാർക്കെതിരെ കേസുണ്ട്. ഒരാള്‍ ജയിലിലും കിടന്നു. എന്നിട്ടും 2 പേരും രാജിവെച്ചില്ല. ഉമ്മൻചാണ്ടി അടക്കം നിരവധി നേതാക്കളുടെ പേരില്‍ കേസ് മുൻപ് വന്നിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ല. മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കില്‍ മാറ്റി നർത്താം. കുറ്റം ആരാപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാല്‍ തിരിച്ച് വരവിന് അവസരമുണ്ടാകില്ല. എന്നാല്‍ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസ് അന്വേഷണത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഒരു ആനുകൂല്യവും മുകേഷിന് നല്‍കില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മില്‍ പവർ ഗ്രൂപ്പുണ്ടെന്നാണ് വിഡി സതീശൻ പറയുന്നത്. എന്നാല്‍ എഐസിസി അംഗം സിമി റോസ്‌ബെല്‍ പറയുന്നത് കോണ്‍ഗ്രസിലെ യോഗ്യത നേതാക്കളുമായുള്ള ബന്ധമെന്നും അവസരം കിട്ടാൻ ചൂഷണത്തിന് നിന്നുകൊടുക്കണമെന്നും പ്രീതിപ്പെടുത്താൻ നിന്നുകൊടുക്കാത്തത് കൊണ്ട് പ്രതിപക്ഷ നേതാവിൻ്റെ ഗുഡ് ബുക്കില്‍ ഇടംകിട്ടിയിലെന്നുമടക്കം പറയുന്നു. കോണ്‍ഗ്രസില്‍ ലിംഗ വിവേചനമുണ്ടെന്നും പവർ ഗ്രൂപ്പുണ്ടെന്നും സ്ത്രീകളെ പരിഹസിക്കുന്നുവെന്നും സിമി റോസ്ബെല്ലിൻ്റെ അഭിമുഖത്തില്‍ പറയുന്നത്. ഈ അഭിമുഖം കണ്ട ശേഷം വിഡി സതീശൻ പവർ ഗ്രൂപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.









