ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ.

വടകര: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ രംഗത്ത്. ‘ഇന്നോവ, മാഷാ അള്ള’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓർമ്മപ്പെടുത്തലാണ് രമ നടത്തിയിരിക്കുന്നതെന്ന കമന്‍റുകളുമായി നിരവധി പേരും പിന്നാലെ രംഗത്തെത്തിയിട്ടുണ്ട്. അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനമാണ് പി വി അന്‍വര്‍ നടത്തിയത്. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം തന്നെ ചതിച്ചെന്നടക്കം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും ഒഴിയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

അതിനിടെ പി വി അൻവർ എം എൽ എ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സി പി എമ്മിൻ്റെ പൊളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. അൻവറിൻ്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും എൽ ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *