നിലമ്പൂര്‍: പി.വി. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ലീഗ് നിലമ്പൂരില്‍ സംഘടിപ്പിക്കാനിരുന്ന പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം.മുസ്ലിം ലീഗിന്റെ തീപ്പൊരി പ്രഭാഷകന്‍ കെ.എം. ഷാജി പങ്കെടുക്കാനിരുന്ന യോഗം മുടക്കിയെന്നാണ് ആരോപണമുയരുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണന്നാണ് ലീഗണികള്‍ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനമുയര്‍ത്തുന്നത്. പോലീസിന്റെ ആര്‍എസ്എസ് ബന്ധം ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പല വിഷയങ്ങളിലും മുസ്ലിം ലീഗ് ശക്തമായി സമര രംഗത്തിറങ്ങുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നേതൃത്വം ഇടപെട്ട് അയഞ്ഞ സമീപനം സ്വീകരിക്കുന്നു എന്നായിരുന്നു വിമര്‍ശനം.
കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ അനുമതി തേടിയതിന് പിന്നാലെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. നിലമ്പൂര്‍ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയാണ് നേതൃത്വത്തെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് നേതാക്കള്‍ തമ്മില്‍ ഒത്തുകളിയാണെന്ന വിമര്‍ശനവും നേതൃത്വത്തിനെതിരെ ഉയരുകയുണ്ടായി.
കെ എം ഷാജിയുടെ പരിപാടി ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്നുവെന്നുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രമുഖ ലീഗ് ഐഡികള്‍ തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ മുസ്ലിം ലീഗിന്റെ ജില്ലാ, സംസ്ഥാന തലത്തിലുള്ള ചില നേതാക്കള്‍ ഇടപെട്ട് പരിപാടി മുടക്കിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഇടതുപക്ഷത്തിലെ ചില നേതാക്കള്‍ മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നക്സസ് വര്‍ക്ക് ചെയ്ത് പരിപാടി റദ്ദ് ചെയ്തു എന്നുമാണ് വിമര്‍ശനം.
അതേസമയം, ആരോപണങ്ങള്‍ തള്ളി ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. അങ്ങനെയൊരു പരിപാടി തീരുമാനിച്ചിട്ടില്ലെന്നും പോസ്റ്റര്‍ തയ്യാറാക്കിയില്ലെന്നുമാണ് മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നത്.
പരിപാടി നടത്താന്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നവെങ്കിലും മേല്‍ഘടകത്തിന്റെ അനുമതി ലഭിക്കും മുമ്പ് ചിലര്‍ പോസ്റ്റര്‍ പുറത്തുവിട്ടതാണ് പൊല്ലാപ്പുണ്ടാക്കിയതെന്നാണ് ലീഗ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം ശാരീരികമായ ബുദ്ധിമുട്ടുകളാല്‍ പി.വി. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പി.വി. അന്‍വര്‍ അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.
ഇന്നലെ കോഴിക്കോട് മുതലക്കുളത്ത് വെച്ച് നടന്ന മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട വിശദീകരണ പൊതുയോഗത്തില്‍ പി.വി. അന്‍വര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ് അന്‍വര്‍ കോഴിക്കോട് നടത്തിയത്. മുഖ്യമന്ത്രി മലപ്പുറത്തെയും ഒരു സമുദായത്തെയും അപമാനിച്ചുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
എത്രയോ നിരപരാധികളായ യുവാക്കളെയാണ് മയക്കുമരുന്ന് കേസില്‍ പൊലീസ് കുടുക്കിയിരിക്കുന്നതെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ.ഡി.ജി.പി അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.