ഉപതിരഞ്ഞെടുപ്പ്: പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു. ഡോ. പി സരിന്‍ ആണ് പാലക്കാട്ട് ഇടതുമുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി. ചേലക്കര മണ്ഡലത്തിലെ യു ആര്‍ പ്രദീപ് ആണ് മല്‍സരിക്കുകയെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചു.

രണ്ട് മണ്ഡലങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജയിക്കാനാകുമെന്ന് എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫില്‍ പടയില്‍ തന്നെ പട ആരംഭിച്ചതായാണ് മനസിലാക്കുന്നത്. സിപിഐഎം ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് മൂവര്‍ സംഘത്തിന്റെ പിടിയിലാണ്. പാലക്കാട് ബിജെപിയെ സഹായിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തേയും ബിജെപിയേയും പരാജയപ്പെടുത്താനാകുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.പാലക്കാട്ട് കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തുവരികയും ഇതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത നേതാവാണ് പി സരിന്‍.

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. രാഹുലിന് സീറ്റ് നല്‍കിയതാണ് സരിനെ പ്രകോപിപ്പിച്ചത്. ചേലക്കരയില്‍ രമ്യാ ഹരിദാസാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *