ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളായി. പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും. ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച മെട്രോമാൻ ഇ.ശ്രീധരൻ ഷാഫി പറമ്പിലിന് പിറകിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കൃഷ്ണകുമാറായിരുന്നു രണ്ടാമത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് വിട്ടുവന്ന പി.സരിൻ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു.
സോഫ്റ്റ്വെയർ എഞ്ചിനീയറായ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിൽ നിന്നുള്ള കൗൺസിലറാണ്. നിലവിൽ കൗൺസിൽ പാർട്ടി നേതാവാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ചിരുന്നു. രാഹുൽ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തിൽ സഹോദരി പ്രിയങ്കയാണ് കോൺഗ്രസ് സ്ഥാനാർഥി. മുൻ എം. എൽ. എ. സത്യൻ മൊകേരിയാണ് എൽ ഡി എഫ് സ്ഥാനാർഥി.