പ്രമുഖ മുസ്ലിംലീഗ് നേതാവും, എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും, മുൻ മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പറുമായ ഹനീഫ പുതുപറമ്പ് ഇനി ഹൈക്കോടതിയിൽ അഭിഭാഷകൻ. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തത്. കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദവും, തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽ.എൽ.ബി ബിരുദവും നേടി. ഫറൂഖ് കോളേജിലെ പഠന കാലത്ത് കോളേജ് യൂണിയനിൽ സ്റ്റുഡന്റ് എഡിറ്ററായിരുന്നു. തിരൂർ എസ് എസ് എം പോളിടെക്നിക് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും, നോൺ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുമായിരുന്നു. പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. വേങ്ങര ബ്ലോക്ക്പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർഷിക മേഖലയിൽ എടരിക്കോട് നടപ്പിലാക്കിയ പദ്ധതികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ ലഭിച്ചു. ഇക്കാലയളവിൽ ന്യൂഡൽഹിയിലും, ജയ്പൂരിലും വച്ച് നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരുടെ ദേശീയ സമ്മേളനങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും, കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പ്രഭാഷകനും, എഴുത്തുകാരനുമാണ്. നിലവിൽ പെരുമണ്ണക്ലാരി പഞ്ചായത്തിൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ഗാർഡൻവാലി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ ഗവേണിംഗ് ബോഡി ചെയർമാനാണ്. മുസ്ലിംലീഗിന്റെ സംസ്ഥാന സമിതി അംഗമായും പ്രവർത്തിക്കുന്നു.
