മലബാർ ലക്ഷ്യംവെച്ച് യു.ഡി.എഎഫ്; തിരുവമ്പാടി അടക്കമുള്ള സീറ്റുകൾ കോണ്‍ഗ്രസും ലീഗും പരസ്പരം വെച്ചുമാറിയേക്കും

കോഴിക്കോട് : 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലബാറിന് പുറത്തേക്ക് കൂടുതല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് മുസ്ലീം ലീഗും. കോഴിക്കോട് ജില്ലയില്‍ 20 വര്‍ഷമായി എം.എല്‍.എ ഇല്ലെന്ന ക്ഷീണം തീര്‍ക്കാന്‍ കോണ്‍ഗ്രസും കരുക്കള്‍ നീക്കിത്തുടങ്ങിയതോടെ യു.ഡി.എഫില്‍ സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവം. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ കോണ്‍ഗ്രസിലേയും മുസ്ലീം ലീഗിലേയും മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് കാലങ്ങളായി മത്സരിച്ചു വരുന്ന പട്ടാമ്പി, കൊയിലാണ്ടി, കണ്ണൂര്‍ സീറ്റുകള്‍ ലീഗിന് നല്‍കി പകരം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി, പേരാമ്പ്ര, അഴീക്കോട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഫോര്‍മുലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ 2006 മുതലിങ്ങോട്ടുള്ള നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വട്ടപൂജ്യമാണ്. മുന്നണിയെ കാത്തതാകട്ടെ മുസ്ലീം ലീഗും. 2006ല്‍ കോഴിക്കോട്ടെ 12 നിയമസഭാ സീറ്റുകളില്‍ 11 സീറ്റിലും എല്‍.ഡി.എഫ് നേടിയപ്പോള്‍ കുന്ദമംഗലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ലീഗ് പിന്തുണയോടെ ജയിച്ച യു.സി.രാമന് മാത്രമാണ് വിജയം നേടാനായത്.

2011ല്‍ 13 നിയമസഭാ സീറ്റുകളില്‍ 10ലും എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ യു.ഡി.എഫ് നേടിയ മൂന്ന് സീറ്റിലും വിജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥികളായിരുന്നു. തിരുവമ്പാടിയില്‍ നിന്നും സി.മോയിന്‍ കുട്ടിയും കോഴിക്കോട് സൗത്തില്‍ നിന്നും എം.കെ.മുനീറും കൊടുവള്ളിയില്‍ നിന്ന് വി.എം.ഉമ്മറുമാണ് യു.ഡി.എഫ് പ്രതിനിധികളായി നിയമസഭയില്‍ എത്തിയത്. 2016ല്‍ 13 സീറ്റുകളില്‍ 11 സീറ്റും എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ യു.ഡി.എഫ് ജയിച്ച രണ്ടും ലീഗിന്റെ സീറ്റുകളായിരുന്നു. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളളയും കോഴിക്കോട് സൗത്തില്‍ എം.കെ.മുനീറും. ഏറ്റവും അവസാനം നടന്ന 2021ലെ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റില്‍ ഒതുങ്ങി. വടകരയില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി കെ.കെ രമയും കോഴിക്കോട് സൗത്തില്‍ നിന്ന് മാറിയ എം.കെ മുനീര്‍ കൊടുവളളിയിലും വിജയിച്ചു.

2001ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന് ആറ് സീറ്റുകളില്‍ വിജയിക്കാനായപ്പോള്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു എന്നതൊഴിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയില്ലെന്നതാണ് മണ്ഡലം വെച്ചുമാറുന്നതിലേക്ക് കോണ്‍ഗ്രസിനെയും എത്തിച്ചത്. മലബാറിന് പുറത്ത് കൂടുതല്‍ ജില്ലകളില്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന ലീഗിനും സീറ്റുകള്‍ വെച്ചുമാറുന്നതില്‍ അതൃപ്തി ഇല്ല.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *