ദില്ലിയിൽ പുതിയ ബിജെപി സർക്കാരിൻ്റെ ആദ്യ നീക്കം; മുസ്തഫബാദ് മണ്ഡലത്തിൻ്റെ പേര് മാറ്റി ശിവപുരി എന്നാക്കും

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ആദ്യ നീക്കവുമായി ബിജെപി സർക്കാർ. മുസ്തഫബാദ് മണ്ഡലത്തിൻ്റെ പേര് മാറ്റാനാണ് തീരുമാനം. മണ്ഡലത്തിൻ്റെ പേര് മുസ്തഫാബാദ് എന്ന് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്ന് നിയുക്ത എംഎൽഎ മോഹൻ സിംഗ് ബിഷ്ട് പ്രഖ്യാപിച്ചു. അതേസമയം, 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബിജെപി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ​ഗവർണർക്ക് കത്ത് നൽകിയത്. 48 എംഎൽഎമാർക്കൊപ്പം ​ഗവർണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലെന ​ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. പിന്നാലെ നിയമസഭ പിരിച്ചുവിട്ട് ​ലഫ്. ​ഗവർണർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി കാണാൻ സമയം തേടിയത്.

സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയെങ്കിലും ആരായിരിക്കും രാജ്യതലസ്ഥാനത്തെ നയിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുമായും ഇന്നലെ ആദ്യ വട്ട ചർച്ച നടത്തിയിരുന്നു. രാവിലെ അമിത് ഷായുടെ വസതിയിൽ ജെപി നദ്ദയും ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും കൂടികാഴ്ച നടത്തി. ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരി​ഗണനയിലുള്ളത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *