ടെക്സസ്: കോപ്പ അമേരിക്ക ക്വാർട്ടർ, സെമി ഫൈനൽ, ലൂസേഴ്സ് ഫൈനൽ തുടങ്ങിയ മത്സരങ്ങൾ സമനിലയിലായാൽ എക്സ്ട്രാ ടൈം ഉണ്ടാകില്ല. നിശ്ചിത 90 മിനിറ്റിൽ മത്സരം സമനിലയെങ്കിൽ നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീളും. എന്നാൽ ഫൈനൽ മത്സരം സമനില ആയാൽ എക്സ്ട്രാ ടൈം ഉണ്ടാകും. രണ്ട് പകുതികളുള്ള 30 മിനിറ്റാണ് അനുവദിക്കുക.
കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ അഞ്ച് മുതലാണ് ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇക്വഡോറിനെ നേരിടും. പുലർച്ചെ 6.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ഇക്വഡോറിനെതിരെ ടീമിൽ തിരിച്ചെത്തുമെന്നാണ് ആരാധകർ കരുതുന്നത്.
ജൂലൈ ആറിന് നടക്കുന്ന മത്സരത്തിൽ വെന്വസേല കാനഡയെ നേരിടും. ജൂലൈ ഏഴിന് കോപ്പ അമേരിക്കയിൽ രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുണ്ട്. പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ കൊളംബിയ പനാമയെ നേരിടും. രണ്ടാം മത്സരത്തിൽ ബ്രസീലിന് ഉറുഗ്വേയാണ് എതിരാളികൾ