ന്യൂജേഴ്‌സി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരില്‍ ഇക്വഡോറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍.നിശ്ചിത സമയത്ത് 1-1 സമനിലയില്‍ കലാശിച്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് വിധി നിര്‍ണയിച്ചത്. 4-2 ജയത്തോടെയാണ് മെസ്സി സംഘത്തിന്റെ സെമി പ്രവേശനം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സൂപ്പര്‍താരം ലയണല്‍ മെസ്സി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയപ്പോള്‍ ഇക്വഡോറിന്റെ പ്രതീക്ഷകള്‍ ഉയര്‍ന്നെങ്കിലും രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസ്് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും ജോര്‍ഡി കായ്സെഡോയും ലക്ഷ്യം കണ്ടെങ്കിലും വിധി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരമ്പിയെത്തിയ ഇക്വഡോര്‍ ടീമിനെതിരേ ഒരുവിധത്തിലാണ് അര്‍ജന്റീന പിടിച്ചുനിന്നത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് തോന്നിച്ച ലയണല്‍ മെസ്സി നിരാശപ്പെടുത്തിയ മത്സരത്തില്‍ 35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്.
എന്നാല്‍ ഇന്‍ജുറി ടൈമില്‍ കെവിന്‍ റോഡ്രിഗസ് നേടിയ ഗോളില്‍ ഇക്വഡോര്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.
ആദ്യ 14 മിനിറ്റുവരെ വിരസമായി തുടര്‍ന്ന മത്സരം അതിനു ശേഷമാണ് ചൂടുപിടിച്ചത്. തുടക്കത്തില്‍ അര്‍ജന്റീനയുടെ പന്തടക്കത്തില്‍ പ്രതിരോധിച്ചുനിന്ന ഇക്വഡോര്‍ 15-ാം മിനിറ്റുമുതല്‍ ആക്രമണം തുടങ്ങി. ആദ്യം ജെറെമി സാര്‍മിയെന്റോയുടെ ഷോട്ട് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് രക്ഷപ്പെടുത്തിയെങ്കിലും തൊട്ടുപിന്നാലെ കെന്‍ഡ്രി പയെസിലൂടെ അടുത്ത ആക്രമണവുമെത്തി.