കേരള ഫുട്ബോളിന്റെ മെക്കയായ മലപ്പുറം ജില്ല മറ്റൊരു ബ്രസീലോ അർജന്റീനയോ ഒക്കെ ആയിത്തീരാനുള്ള കുതിപ്പിന് തുടക്കം കുറിക്കാൻ പോവുന്നു

മലപ്പുറം: കേരള ഫുട്ബോളിന്റെ മെക്കയായ മലപ്പുറം ജില്ല മറ്റൊരു ബ്രസീലോ അർജന്റീനയോ ഒക്കെ ആയിത്തീരാനുള്ള കുതിപ്പിന് തുടക്കം കുറിക്കാൻ പോവുന്നു. മലപ്പുറം ഫുട്ബോൾ ക്ലബ് (എംഎഫ് സി)യുടെ രൂപീകരണമാണ് ഇതിനു വഴിയൊരുക്കുകയെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന മലപ്പുറം ഫുട്ബോൾ ക്ലബ്(MFC) വലിയ മുന്നേറ്റങ്ങൾക്കുള്ള വാതായനങ്ങളാണ് തുറക്കുക.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 26ന് മലപ്പുറത്ത് വച്ച് പത്മശ്രീ ഡോ. എം. എ യൂസഫലി നിർവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ, വിശിഷ്ട വ്യക്തികൾ, കായിക താരങ്ങൾ, ഫുട്‌ബോൾ പ്രേമികൾ തുടങ്ങിയവർ സംബന്ധി​ക്കും. അന്നേദിവസം വൈകീട്ട് 3.30നാണ് ക്ലബിന്റെ ലോഞ്ചിങ് പരിപാടികൾ തുടങ്ങുക.

കേരളത്തിലെ ആറ് ജില്ലകളെ പ്രതിനിധീകരിച്ചു ആറ് ടീമുകൾ ഉൾപ്പെടുന്ന നാൽപ്പത്തിയഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങളാണ് കേരള സൂപ്പർ ലീഗ് . ആറ് വിദേശ താരങ്ങളടക്കം ഇരുപത് ദേശീയ താരങ്ങളും സൂപ്പർ ലീഗിൽ അണി നിരക്കും. ഹോം ആൻഡ് എവേ മാതൃകയിൽ ഉള്ള മത്സരങ്ങൾ നേരിട്ടെത്തുന്ന പതിനായിരങ്ങൾ മാത്രമല്ല, മറിച്ച് ലോകം മുഴുവനുമായിരിക്കും കാണുക .

ഇതിന്റെ തത്സമയ പ്രസാരണത്തിനായി സ്റ്റാർ സ്പോർട്സ് ,ഹോട്സ്റ്റാർ, യൂ ഏ ഇ ഇത്തിസലാത്, ഖത്തർ ഉരീദു തുടങ്ങിയവുമായി ധാരണയായി കഴിഞ്ഞു. ഇത് മൂലം മികച്ച അന്താരാഷ്‌ട്ര ശ്രദ്ധയാണ് സൂപ്പർലീഗിന് കൈവരാൻ പോകുന്നത് . ആവേശകരമായ ലീഗ് ഫോർമാറ്റിലാണിത് നടത്തപ്പെടുക . ഈ കുതിപ്പ് കേരള ഫുടബോളിനെ മാത്രമല്ല മലപ്പുറം ഫുട്ബാൾ ജ്വരത്തെയും വിശ്വവിഹായസ്സിലേക്ക് ഉയർത്തും . വിപുലമായ പരിശീലനത്തിനും സ്കൗട്ടിങ്ങിനും ഊന്നൽ നൽകി അടിത്തട്ടിൽ നിന്ന് ആഗോളതലത്തിലേക്കുള്ള മുന്നേറ്റത്തിനാണ് ഇവിടെ നാന്ദി കുറിക്കുന്നത് . വൈദഗ്ധ്യമുള്ള കളിക്കാർക്ക്, സൂപ്പർ ലീഗ് യോഗ്യതകളിലേക്കും അതിലുപരി ദേശീയ – അന്തർദേശീയ തലങ്ങളിലേക്കും ഉയരാനാകും .

ഫുടബോൾ നൈപുണ്യമുള്ള പുതിയ തലമുറയിലെ പുരുഷ – വനിതാ കളിക്കാർക്കു വാനോളം വളർന്നു വരുവാൻ ഇനി മറ്റെങ്ങും ഓടേണ്ടതില്ല . ഇവിടെ മുറ്റത്ത് തന്നെ അവസരങ്ങൾ വരികയാണ്. ഫുട്‍ബോൾ ഒരു മുഴുസമയ പ്രൊഫഷൻ ആയി തിരഞ്ഞെടുക്കുവാൻ മിടുക്കന്മാരെ വാർത്തെടുക്കുക എന്നതാണ് MFC യുടെ ലക്ഷ്യം. ഫുടബോളിന് മാത്രമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വലിയ ഗ്രൗണ്ട് ആണ് MFC വിഭാവന ചെയ്തിട്ടുള്ളത്. ടീമിന്റെ പരിശീലന ക്യാംപ് അന്താരാഷ്ട്ര നിലവാരത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലാണ് നടത്തപ്പെടുക. സംസ്ഥാന, ദേശീയ, വിദേശ പരിശീലകർ, ഫിസിയോ, സാങ്കേതിക വിദഗ്ധർ എന്നിവർ ഈ ടീമിന്റെ ഭാഗമാകും.

രണ്ടോ മൂന്നോ വർഷം കൊണ്ട് കേരളത്തിൽ നിന്ന് പ്രൊഫഷണൽ ഫുടബോൾ കളിക്കാരുടെ ശക്തമായ ഒരു നിര തന്നെ കെട്ടിപ്പടുക്കുവാൻ സാധിപ്പിക്കുകയാണ് ലക്ഷ്യം . മൂന്ന് മാസത്തോളം അന്താരാഷ്ട്ര സൗകര്യങ്ങൾ സൂപ്പർ ലീഗിനായി വിനിയോഗിക്കപെടും . മലപ്പുറത്തെ വിവിധ ക്ലബ്ബ്കളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കഴിവുള്ള കളിക്കാർക്ക് പരിശീലനം, നർച്ചറിങ് , കൗൺസിലിങ് എന്നിവ ലഭ്യമാക്കും . മലപ്പുറത്തെ മറ്റു ക്ലബുകളുമായി MFC ചേർന്ന് പ്രവർത്തിക്കും. വളർന്നു വരുന്ന ഫുട്ബാൾ പ്രതിഭകൾക്ക് മുതൽക്കൂട്ടായികൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ MFC അവസരമൊരുക്കും .

രണ്ടാം ഘട്ടത്തിൽ മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അക്കാദമികൾ സ്ഥാപിക്കുന്നതായിരിക്കും. കേരളത്തിലെ മറ്റു ജില്ലകളിലെ സാധ്യതകളും ആരായും. നിലവിലുളള അക്കാദമികളെ, സാങ്കേതികമായും പ്രൊഫഷണൽ ആയും MFC ഉയർത്തി കൊണ്ട് വരും. സ്വാഗത സംഘം ചെയർമാൻ വി പി അനിൽകുമാർ , ഷംസുദ്ധീൻ , അൻവർ അമീൻ ചേലാട്ട് , അജ്മൽ ബിസ്മി , ആഷിഖ് കൈനിക്കര , ജലീൽ പി ലില്ലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *