വമ്പന്‍ ട്വിസ്റ്റ്, അര്‍ജന്റീനയ്ക്ക് തോല്‍വി, മൊറോക്കയ്‌ക്കെതിരെ ഫലത്തില്‍ മാറ്റം

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പാരിസ്: പാരിസ് ഒളിംപിക്സ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് തോല്‍വി. 2-1നാണ് അര്‍ജന്റീന പരാജയപ്പെട്ടത്. അവസാന മിനുട്ടിലെ ഗോളില്‍ അര്‍ജന്റീന 2-2 സമനില പിടിച്ച മത്സരത്തില്‍, ഒന്നര മണിക്കൂറിന് ശേഷം ഫലം മാറുകയായിരുന്നു.

അവസാന നിമിഷം നേടിയ ഗോള്‍ റദ്ദാക്കുകയായിരുന്നു. ഇത് ഓഫ്‌സൈഡാണെന്ന് വളരെ വൈകിയാണ് പ്രഖ്യാപനം വന്നത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ മികച്ച പോരാട്ടം ഇരു ടീമും കാഴ്ചവെച്ചെങ്കിലും ജയം മൊറോക്കയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു.

കോപ്പാ അമേരിക്കയില്‍ മുത്തമിട്ട് ചേട്ടന്മാരുടെ വീര്യവുമേറി മൊറോക്കോയ്ക്കെതിരേ ഇറങ്ങിയ അര്‍ജന്റീനയുടെ യുവനിരക്ക് കാര്യങ്ങള്‍ എളുപ്പമായില്ല. തുടക്കം മുതല്‍ മൊറോക്കോയുടെ ആധിപത്യമാണ് കണ്ടത്.

വമ്പന്മാരെന്ന തലയെടുപ്പിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ആദ്യ പകുതിയില്‍ നീലപ്പടയുടെ യുവതാരങ്ങള്‍ക്കായില്ല. 4-4-2 ഫോര്‍മേഷനിലിറങ്ങിയ അര്‍ജന്റീനയെ 4-2-3-1 ഫോര്‍മേഷനിലാണ് മൊറോക്കോ നേരിട്ടത്. അല്‍പ്പം ആക്രമണോത്സകതയും ചേര്‍ത്ത് പരുക്കന്‍ കളിയോടെയാണ് മൊറോക്കോ അര്‍ജന്റീനയെ വിറപ്പിച്ചത്.

എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ അര്‍ജന്റീന ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 16ാം മിനുട്ടില്‍ അര്‍ജന്റീനയുടെ തിയാഗോ അല്‍മാഡ ഇടത് വശത്ത് നിന്ന് പെനല്‍റ്റി ബോക്സിലേക്ക് ക്രോസ് ചെയ്തെങ്കിലും സഹതാരങ്ങള്‍ക്ക് എത്തിപ്പിടിക്കാനായില്ല. 18ാം മിനുട്ടില്‍ അര്‍ജന്റീനക്ക് ഗോള്‍ നേടാന്‍ സുവര്‍ണ്ണാവസരം. ബോക്സിലേക്ക് ലഭിച്ച പന്തിനെ ലൂക്കാസ് ബെല്‍ട്രാന്‍ ഷോട്ട് പായിച്ചെങ്കിലും പ്രതിരോധം തടുത്തു.

23ാം മിനുട്ടില്‍ മൊറോക്കോയുടെ മുന്നേറ്റം. പക്ഷെ ഇല്ലിയാസ് അക്ക്ഹോമാച്ച് സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി. പാസിലൂടെ ബോക്സിലേക്ക് ലഭിച്ച പന്തിനെ താരം നിയന്ത്രിച്ച് വരുതിയിലാക്കി. എന്നാല്‍ ദുര്‍ബലമായ ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തിന്റെ ഏറെ അകലത്തുകൂടി കടന്ന് പോയി. 24ാം മിനുട്ടില്‍ ജുലിയന്‍ അല്‍വാരസിന്റെ ഫൗളില്‍ മൊറോക്കോ താരം ഗ്രൗണ്ടില്‍ വീണു. 27ാം മിനുട്ടില്‍ അര്‍ജന്റീനയുടെ നിക്കോളാസ് ഒറ്റമെന്‍ഡിക്ക് ഗോള്‍ നേടാന്‍ അവസരം.

ക്രോസില്‍ നിന്ന് ഹെഡ് ചെയ്ത് വലയിലെത്തിക്കാന്‍ ഒറ്റമെന്‍ഡി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 35ാം മിനുട്ടില്‍ മൊറോക്കോയുടെ അഹ്റഫ് ഹക്കിമിയുടെ ഷോട്ട് പ്രതിരോധം തടുത്തു. മികച്ച ആക്രമണവും പ്രത്യക്രമണവും കണ്ടു. എന്നാല്‍ മികച്ച ആരാധക പിന്തുണയോടെ കൂടുതല്‍ ഉണര്‍ന്ന് കളിച്ചത് മൊറോക്കോയാണ്. ഇതിന്റെ ഫലം 47ാം മിനുട്ടില്‍ അവര്‍ക്ക് ലഭിച്ചു. മികച്ച ടീം വര്‍ക്കിലൂടെയാണ് ഈ ഗോള്‍ പിറന്നത്.

പോസ്റ്റിന്റെ വലത് വശത്ത് നിന്ന് ബിലാല്‍ ഇല്‍ ഖനൗസ് നല്‍കിയ പാസ് പ്രതിരോധത്തേയും ഗോളിയേയും മറികടന്ന് സൗഫിയന്‍ റഹീമിയുടെ കാലിലേക്ക്. ഞൊടിയിടയില്‍ താരം പന്ത് പോസ്റ്റിലാക്കി. ഇതോടെ ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് നിലനിര്‍ത്താനും മൊറോക്കോയ്ക്കായി. ആദ്യ പകുതിയില്‍ 51% പന്തടക്കിവെച്ച മൊറോക്കോ ഒന്നിനെതിരേ മൂന്ന് ഗോള്‍ശ്രമവുമായി ആക്രമണത്തിലും കൈയടി നേടി.

രണ്ടാം പകുതിയിലും മികവ് തുടര്‍ന്ന മൊറോക്കോയ്ക്ക് തുടക്കത്തിലേ പെനല്‍റ്റി ലഭിച്ചു. അര്‍ജന്റീനയുടെ ജുലിയോ സീസര്‍ സോളര്‍ ബറീറ്റോയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് മൊറോക്കോയ്ക്ക് പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സൗഫ്ളെയ്ന്‍ റഹീമി ലക്ഷ്യം കണ്ടതോടെ 51ാം മിനുട്ടില്‍ മൊറോക്കോ 2-0ന് മുന്നിലെത്തി. ഇതോടെ അര്‍ജന്റീനയുടെ ആത്മവിശ്വാസവും തകര്‍ന്നു. എന്നാല്‍ പതിയെ തിരിച്ചുവരവ് നടത്താന്‍ അര്‍ജന്റീന ശ്രമിച്ചു.

65ാം മിനുട്ടില്‍ അര്‍ജന്റീനയുടെ മികച്ച മുന്നേറ്റം. ലൂക്കാസ് ബെല്‍ട്രാന്‍ ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും പിടിച്ചെടുക്കാന്‍ സഹതാരങ്ങള്‍ക്കായില്ല. അതിന് മുമ്പ് മൊറോക്കോ പ്രതിരോധം രക്ഷിച്ചു. എന്നാല്‍ പാസുകളിലൂടെ മുന്നേറിയ അര്‍ജന്റീന 69ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി. ബോക്സിന്റെ വലത് വശത്തേക്ക് ലഭിച്ച സൂപ്പര്‍ പാസിനെ ഗുലിയാനോ സിമിയോണി പോസ്റ്റിലേക്ക് തട്ടിയിട്ടു. ഇതോടെ മത്സരം ആവേശകരമായി. 82ാം മിനുട്ടില്‍ അര്‍ജന്റീനക്ക് ഗോളെന്നുറപ്പിച്ച അവസരം.

ബോക്സിലേക്ക് ലഭിച്ച പാസിനെ ജുലിയന്‍ അല്‍വാരസിന് വലയിലെത്തിക്കാനായില്ല. മൊറോക്കോ ഗോളിയുടെ തകര്‍പ്പന്‍ സേവാണ് അര്‍ജന്റീനക്ക് ഗോള്‍ നിഷേധിച്ചത്. 96ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണ്ണാവസരം ഗോളാക്കാന്‍ അര്‍ജന്റീനയുടെ ബ്രൂണോ അമോയിനിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. അവസാന സമയത്തെ അര്‍ജന്റീനയുടെ ശ്രമങ്ങളെല്ലാം മൊറോക്കോ പ്രതിരോധം തകര്‍ത്തു. എന്നാല്‍ അവസാന മിനുട്ടില്‍ അര്‍ജന്റീന സമനില പിടിച്ചു.

ഗോള്‍പോസ്റ്റിന് മുന്നിലെ കൂട്ടച്ചൊരിച്ചിലിനൊടുവില്‍ ക്രിസ്റ്റിയന്‍ മെഡിനയാണ് അര്‍ജന്റീനക്ക് രണ്ടാം ഗോളിലൂടെ നേടിക്കൊടുത്തത്. അര്‍ജന്റീനയുടെ പോരാട്ടവീര്യത്തിനൊടുവില്‍ ഭാഗ്യം ഒപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത് ഓഫ്‌സൈഡാണെന്ന് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.

ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെ 2-1ന് സ്പെയിന്‍ തോല്‍പ്പിച്ചു. 29ാം മിനുട്ടില്‍ മാര്‍ക്ക് പുബിലും 62ാം മിനുട്ടില്‍ സെര്‍ജിയോ ഗോമസും സ്പെയിനായി ലക്ഷ്യം കണ്ടപ്പോള്‍ 48ാം മിനുട്ടില്‍ എല്‍ഡോര്‍ ഷൊമുര്‍ഡോവാണ് ഉസ്ബെക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ നേടിയത്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *