ജിദ്ദ : 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയലിന് അന്തിമരൂപമായി. അന്തിമ ഫയലില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒപ്പുവെച്ചു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഫിഫക്ക് സമര്‍പ്പിക്കാനുള്ള തയാറെടുപ്പെന്നോണം എല്ലാ വിശദാംശങ്ങളും വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് ഫയലിന് അന്തിമരൂപം നല്‍കിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സൗദി സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്റെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസഹലിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സൗദിയുടെ അന്തിമ ഫയല്‍ ഫിഫക്ക് സമര്‍പ്പിക്കുകയെന്ന് ദ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അന്തിമ ഫയല്‍ പൂര്‍ത്തിയാക്കിയതിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആശീര്‍വദിച്ചു. സൗദിയില്‍ കായിക മേഖലക്ക് നല്‍കുന്ന പിന്തുണക്കും ശ്രദ്ധക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാനും സ്‌പോര്‍ട്‌സ് മന്ത്രി നന്ദിയും കൃതജ്ഞതയും പ്രകടിപ്പിച്ചു. ഭരണാധികാരികളുടെ പിന്തുണ അന്താരാഷ്ട്ര കായിക ഇവന്റുകള്‍ക്കുള്ള വേദിയാക്കി സൗദി അറേബ്യയെ മാറ്റി. ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി 48 ടീമുകളെ ഒരുമിച്ചുകൊണ്ടുവരുന്ന അസാധാരണ പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഈ നോമിനേഷനിലൂടെ ആഗ്രഹിക്കുന്നതായും സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞു.
ഈ പ്രധാന ഫുട്‌ബോള്‍ ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ നോമിനേഷന്‍ ഫയല്‍, സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ കായിക ഭാവി രൂപപ്പെടുത്തുന്നതിലേക്കും, പ്രധാന അന്തര്‍ദേശീയ കായിക വേദികളില്‍ പങ്കെടുക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിയുന്ന കായിക തലമുറയെ കെട്ടിപ്പടുക്കുന്നതിലേക്കും മുന്നേറാനുള്ള കിരീടാവകാശിയുടെ വ്യഗ്രതയാണ് പ്രകടിപ്പിക്കുന്നതെന്നും അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
പാരീസില്‍ ഫിഫ സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ വെച്ചാണ് 2034 ലോകകപ്പ് ആതിഥേയത്വം നേടിയെടുക്കാനുള്ള നോമിനേഷന്‍ ഫയല്‍ സൗദി സംഘം സമര്‍പ്പിക്കുക. സ്‌പോര്‍ട്‌സ് മന്ത്രിയുടെയും യാസിര്‍ അല്‍മിസഹലിന്റെയും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളുടെയും നേതൃത്വത്തിലുള്ള സംഘമാണ് സൗദി ഫയല്‍ ഫിഫക്ക് സമര്‍പ്പിക്കുക. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി യുവതലമുറയുടെ അഭിലാഷം ഉള്‍ക്കൊള്ളുന്ന സൗദി അറേബ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സംരംഭമെന്നോണമാണ് നോമിനേഷന്‍ പത്രിക സമര്‍പ്പിക്കുന്നതില്‍ പങ്കെടുക്കാന്‍ രണ്ടു കുട്ടികളെ തെരഞ്ഞെടുത്തത്.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക നാമനിര്‍ദേശത്തിന്റെ ഏതാനും ഘട്ടങ്ങളുടെ ഭാഗമാണ് അന്തിമ നോമിനേഷന്‍ ഫയല്‍ ഫിഫക്ക് സമര്‍പ്പിക്കുന്നത്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഉദ്ദേശിക്കുന്നതായി 2023 ഒക്‌ടോബര്‍ നാലിന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വഴി സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് ഔദ്യോഗിക നോമിനേഷന്‍ കത്ത് നല്‍കി. പിന്നീട് ഒരുമിച്ച് വളരുന്നു (ഗ്രോവിംഗ് ടുഗെദര്‍) മുദ്രാവാക്യം അടങ്ങിയ 2034 ലോകകപ്പ് നോമിനേഷന്‍ ഫയലിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഡിസംബറില്‍ നടക്കുന്ന ഫിഫ ജനറല്‍ അസംബ്ലി യോഗത്തില്‍ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അത്യാധിക സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. 92,000 ലേറെ സീറ്റുകളുള്ള റിയാദ് കിംഗ് സല്‍മാന്‍ സ്റ്റേഡിയം, റിയാദ് ന്യൂ മുറബ്ബ സ്റ്റേഡിയം, ലോക വിസ്മയമായി ഖിദിയയില്‍ കിരീടാവകാശിയുടെ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം എന്നിവ അടക്കമുള്ള പദ്ധതികളില്‍ ഇതില്‍ ഉള്‍പ്പെടുന്നു.