കളിയാവേശത്തില്‍ അതിജീവനത്തിന്റെ പുതുപാഠം; ഐ എസ് എല്‍ താരങ്ങളുടെ കൈപിടിച്ച് വയനാട്ടിലെ കുട്ടികള്‍

കൊച്ചി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവര്‍ക്ക് അതിജീവനത്തിന്റെ കളിപാഠം പകര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍. ഐ എസ് എല്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം താരങ്ങളുടെ കൈപിടിക്കാന്‍ അണിനിരന്നത് ദുരിത ബാധിത പ്രദേശത്തെ കുടുംബങ്ങളിലെ കുട്ടികളാണ്. വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ 22 കുട്ടികളാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി – പഞ്ചാബ് എഫ്.സി മത്സരത്തിലേക്ക് താരങ്ങളെ കൈപിടിച്ച് ആനയിക്കാനെത്തിയത്.

വണ്ണാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ഗവ. എച്ച്. എസ് മേപ്പാടി എന്നിവിടങ്ങളിലെ 33 കുട്ടികളും രക്ഷിതാക്കളുമടക്കം എഴുപതോളം പേരാണ് കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷാഫി പുല്‍പ്പാറയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാരുടെ ആദ്യമത്സരാവേശത്തില്‍ പങ്കുചേരാനെത്തിയത്. താരങ്ങളെ ആനയിക്കാന്‍ അണിചേര്‍ന്ന കുട്ടികളെക്കൂടാതെ ബാക്കി 11 കുട്ടികള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, പഞ്ചാബ് എഫ്.സി താരങ്ങളെ സ്വീകരിക്കാനും അണിനിരന്നു.

ഞായറാഴ്ച പുലര്‍ച്ചേ കൊച്ചിയിലെത്തിയ കുട്ടികളും രക്ഷിതാക്കളും മാറമ്പിള്ളി എം.ഇ.എസ് കോളേജില്‍ പ്രഭാത ഭക്ഷണത്തിന് ശേഷം മെട്രോയില്‍ കലൂരിലേക്കെത്തി. ഐ.എം.എ ഹൗസില്‍ നടന്ന ഓണാഘോഷത്തിനും കലാപരിപാടിക്കും ഓണസദ്യയ്ക്കും ശേഷം സ്റ്റേഡിയത്തിലേക്കെത്തിയ കുട്ടികള്‍ സ്റ്റേഡിയത്തില്‍ ട്രയല്‍ നടത്തി. ശേഷം മത്സരത്തിന് മുന്‍പായി താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയ കുട്ടികള്‍ കൊച്ചിയിലെ മത്സരാവേശത്തില്‍ അതിജീവനത്തിന്റെ പുതുപാഠം രചിച്ചാണ് മടങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, എം.ഇ.എസ് യൂത്ത് വിങ്ങ് സംസ്ഥാന കമ്മിറ്റി, ഫ്യൂച്ചര്‍ എയ്‌സ് ഹോസ്പിറ്റല്‍, പി.ആര്‍.സി.ഐ കൊച്ചി ചാപ്റ്റര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കുട്ടികളെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കെത്തിച്ചത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *