റിയാദ്/ ദുബൈ: മൈക്രോസോഫ്റ്റ് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഐ ടി തകരാർ ലോകമാസകലം ബാധിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രശ്ന പരിഹാരം പൂർണമായി മാറ്റിയെടുക്കാൻ സാധിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിലെ വിമാന സർവ്വീസുകളെ പൂർണ്ണമായും ബാധിച്ചു. വിമാന കമ്പനികൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും നിർത്തിവെച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മൈക്രോസോഫ്റ്റ് ഐടി തകരാർ സഊദി അറേബ്യയെയും യു എഇ യെയും സാരമായി ബാധിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി വിമാന യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി. വെക്കേഷൻ കാലം ആയതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങളാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. പ്രശ്നം നീണ്ടതോടെ ബോർഡിങ്ങ് പാസുകൾ എഴുതി നൽകി നടപടികൾ പൂർത്തീകരിക്കാനുള്ള നടപടികൾ വിമാന കമ്പനികൾ തുടങ്ങിയിട്ടുണ്ട്. എഴുത്ത് ആയതിനാൽ തന്നെ ഒരു വിമാനത്തിലെ മുഴുവൻ ആളുകൾക്ക് ഇത് പൂർത്തിയാക്കാനായി മണിക്കൂറുകൾ ആണ് കാത്തിരിക്കേണ്ടി വരുക. പൂർവികർ പറഞു കേട്ടുള്ള പഴയ കാലം നേരിട്ട് കാണാനായതായി മലയാളി യാത്രികർ മലയാളം പ്രസ്സ് ഓൺലൈനുമായി പങ്ക് വെച്ചു.
കിഴക്കൻ സഊദിയിലെ ദമാം വിമാനത്താവളത്തിൽ കൊച്ചി, ലക്നൗ ഇൻഡിഗോ വിമാന സർവ്വീസുകളും പ്രശ്നത്തിൽ ഉൾപ്പെട്ടു. മണിക്കൂറുകൾ ആയി യാത്രക്കാർ കാത്ത് നിൽക്കുകയാണ്.
സാങ്കേതിക സംവിധാനത്തിൽ ലോകമെമ്പാടുമുള്ള നിരവധി എയർലൈനുകൾ അനുഭവിച്ച സാങ്കേതിക തകരാർ തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതായി സഊദിയിലെ ഫ്ലൈനാസ് അറിയിച്ചു. വെബ്‌സൈറ്റിലെയും മൊബൈൽ ആപ്ലിക്കേഷനെയും ഇത് ബാധിച്ചതോടൊപ്പം ചില വിമാനങ്ങളുടെ ടേക്ക്-ഓഫ് വൈകുന്നതിന് കാരണമായതായി കമ്പനി അറിയിച്ചു. തകരാർ പരിഹരിക്കുന്നതിന് സേവന ദാതാവുമായും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു.
ആഗോള സാങ്കേതിക തകരാർ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളെയും ബാധിച്ചുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നത് വരെ ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കാൻ മന്ത്രാലയം നിർദേശം നൽകി. ചില വിമാനത്താവളങ്ങളിലെ വ്യോമഗതാഗതത്തെ ആഗോള സാങ്കേതിക വെല്ലുവിളികൾ ബാധിച്ചതിനാൽ ഫ്ലൈറ്റിൻ്റെ നില പരിശോധിക്കാൻ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുമ്പ് എയർലൈനുകളുമായി ബന്ധപ്പെടാൻ വിദേശത്തുള്ള പൗരന്മാരോട് മന്ത്രാലയം നിർദേശം നൽകി.
ഇൻ്റർനെറ്റ് തകരാർ മൂലമുണ്ടായ സാങ്കേതിക തകരാർ കാരണം ആഗോള വിമാനത്താവളങ്ങൾ, പ്രധാന ഗതാഗത കമ്പനികൾ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവയെയാണ് സാരമായി ബാധിച്ചത്. അന്താരാഷ്‌ട്ര മാധ്യമങ്ങൾ തങ്ങളുടെ സംപ്രേക്ഷണം നിർത്തിയതായി പ്രഖ്യാപിച്ചു. ബെർലിൻ എയർപോർട്ട് വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട് ചെയ്തു. ആഗോള സാങ്കേതിക തകരാർ കാരണം റിസർവേഷൻ, പാസഞ്ചർ ചെക്ക്-ഇൻ, ടിക്കറ്റിംഗ് സംവിധാനങ്ങൾ എന്നിവയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ടർക്കിഷ് എയർലൈൻസും ഇന്ന് പറഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഗോള ഐടി തകരാർ നേരിടുന്നുണ്ടെന്ന് സ്പാനിഷ് എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങളെ ആഗോള ഇൻ്റർനെറ്റ് തടസ്സം ബാധിച്ചതായി വക്താവ് പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും വലിയ റെയിൽവേ ഓപ്പറേറ്ററായ ഗോവിയ തേംസ്‌ലിങ്ക് റെയിൽവേ വ്യാപകമായ സാങ്കേതിക പ്രശ്നങ്ങൾ” അഭിമുഖീകരിക്കുന്നതായി അറിയിച്ചു. ബ്രിട്ടീഷ് ചാനൽ “സ്‌കൈ ന്യൂസ്” ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി, ലണ്ടനിലെയും സിംഗപ്പൂരിലെയും നിരവധി പ്രധാന എണ്ണ, വാതക വ്യാപാര ആസ്ഥാനങ്ങൾ ഇൻ്റർനെറ്റ് തടസ്സം കാരണം ഇടപാടുകൾ നടത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് എണ്ണ, വാതക മേഖലയിലെ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, സേവന തകരാറുകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. ഉപയോക്താക്കൾക്ക് വിവിധ Microsoft 365 ആപ്ലിക്കേഷനുകളും സേവനങ്ങളും ആക്സസ് ചെയ്യാൻ കഴിഞ്ഞേക്കില്ല. ഇൻ്റർനെറ്റ് ലഭ്യത ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടർ, നിരവധി ബാങ്കുകളിലും ടെലികോം കമ്പനികളിലും തകരാറുകൾ വെളിപ്പെടുത്തി.