ഐഫോണ്‍ 16 മോഡലുകള്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ് ഇതുവഴി ഫോണുകളില്‍ ലഭിക്കുക. ആപ്പിളിന്റെ പുതിയ എ18 ചിപ്പ്‌സെറ്റുകളിലാണ് ഫോമിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ 15 മോഡലുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആപ്പിള്‍ സ്റ്റോറുകളില്‍ ഇന്ന് 5.30 മുതലാണ് ഐഫോണുകള്‍ക്കായുള്ള ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങുക. സെപ്റ്റംബര്‍ 20 മുതല്‍ വില്‍പന ആരംഭിക്കും. റീട്ടെയില്‍ കേന്ദ്രങ്ങളിലും ഈ ദിവസം ഫോണുകള്‍ വില്‍പനയ്‌ക്കെത്തും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഫോണുകള്‍ വാങ്ങാം.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്
ലോഞ്ചിന് മുമ്പ് പുറത്തുവന്ന വിവരങ്ങളെല്ലാം ശരിവെക്കുകയാണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ്. ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ ആകര്‍ഷകമായ രൂപകല്‍പനയിലാണ് പുതിയ ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ബേസ് മോഡലുകളായ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയിലാണ് പ്രകടമായ മാറ്റമുള്ളത്. ബേസ് മോഡലുകളില്‍ ആപ്പിള്‍ ഇതുവരെ പിന്തുടര്‍ന്ന പതിവ് രീതികളില്‍ നിന്ന് മാറിയാണ് ഇത്തവണ അവ ഒരുക്കിയിരിക്കുന്നത്.
പുതിയ ചിപ്പും, പുതിയതായി അവതരിപ്പിച്ച ക്യാമറ കണ്‍ട്രോള്‍ ബട്ടനുമെല്ലാം ഐഫോണ്‍ 16 ന് നല്‍കിയിട്ടുണ്ട്. 6.1 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 ന്, 6.7 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16 പ്ലസിന്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്പേസ് ഗ്രേഡ് അലൂമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കുന്ന ഡിസ്പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്. നേരത്തെ ഐഫോണ്‍ 15 പ്രോ മോഡലുകളിലുണ്ടായിരുന്ന ആക്ഷന്‍ ബട്ടണ്‍ ഇപ്പോള്‍ ഐഫോണ്‍ 16 ബേസ് മോഡലിലും അവതരിപ്പിച്ചു.
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്സെറ്റ് ആണ് ഐഫോണ്‍ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് സൗകര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഫോണിന്റെ മൊത്തം പ്രവര്‍ത്തന ക്ഷമതയും ഇതുവഴി മെച്ചപ്പെടും. മെച്ചപ്പെട്ട ക്യാമറ ശേഷിയും, ഗെയിമിങ് ശേഷിയും ഫോണിന് ഇതോടെ കൈവന്നു. ട്രിപ്പിള്‍ എ ഗെയിമുകള്‍ പിന്തുണയ്ക്കുന്ന ഫോണുകളാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍. കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എ18 ചിപ്പ്സെറ്റ് ഐഫോണ്‍ 15 നേക്കാള്‍ 40 ശതമാനം വേഗമേറിയതാണ്. സാറ്റലൈറ്റ് മെസേജിങ് സൗകര്യവും മെച്ചപ്പെട്ട ബാറ്ററിയും ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു.
എഴുത്തുകള്‍ കൈകാര്യം ചെയ്യുക, ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുക, ഇമോജികള്‍ നിര്‍മിക്കുക ഉള്‍പ്പടെ വിവിധ അത്യാധുനിക സൗകര്യങ്ങളാണ് ആപ്പിള്‍ ഇന്റലിജന്‍സിലൂടെ ഐഫോണില്‍ എത്തുന്നത്. ജനറേറ്റീവ് എഐയുടെ പിന്‍ബലത്തില്‍ സിരിയ്ക്കും സ്വാഭാവികമായ സംസാര രീതി തിരിച്ചറിയാനുള്ള കഴിവുകള്‍ ലഭിച്ചു. ഇതോടൊപ്പം എഐയുടെ പിന്‍ബലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സിരിക്കാവും.
ക്യാമറ
48 എംപി ഫ്യൂഷന്‍ ക്യാമറയും, 12 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍ക്കുള്ളത്. ക്യാമറ കണ്‍ട്രോള്‍ ബട്ടന്റെ സഹായത്തോടെ എളുപ്പത്തില്‍ ക്യാമറ അതിന്റെ വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ മോഡുകളില്‍ ഉപയോഗിക്കാം. ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ക്യാമറ ഓണ്‍ ആവും. തുടര്‍ന്ന് ക്ലിക്ക് ചെയ്താല്‍ ക്ലിക്ക് ചെയ്യാം. ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ വീഡിയോ റെക്കോര്‍ഡിലേക്ക് മാറാം. ചിത്രം ഫോക്കസ് ചെയ്യാനും സൂം ചെയ്യാനും മറ്റും ഈ ബട്ടനിലോ സോഫ്റ്റ് ടച്ചിലൂടെ സാധിക്കും. സ്പേഷ്യല്‍ ഇമേജ് ക്യാപ്ചര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലഭ്യമാണ്. റീ ഡിസൈന്‍ ചെയ്ത ഫോട്ടോ ആപ്പും പുതിയ ഐഒഎസ് 18 ല്‍ ലഭിക്കും.
വില- ഐഫോണ്‍ 16 ന്റെ 128 ജിബി വേര്‍ഷന് 79900 രൂപയും ഐഫോണ്‍ 16 പ്ലസിന്റെ 128 ജിബി വേര്‍ഷന് 89900 രൂപയുമാണ് വില.
ഐഫോണ്‍ 16 പ്രോ മോഡലുകള്‍
6.3 ഇഞ്ച്, 6.9 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാണ് ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകള്‍ എത്തുന്നത്. ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും വലിയ ഐഫോണ്‍ സ്‌ക്രീന്‍ ആണിത്. 120 ഹെര്‍ട്സ് പ്രോമോഷന്‍ സംവിധാനം ഇതിലുണ്ട്. ആകര്‍ഷകവും ഈടുറ്റതുമായ ഗ്രേഡ് 5 ടൈറ്റേനിയം ഫിനിഷിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. നാല് കളര്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. മികച്ച ബാറ്ററി ലൈഫും. പുതിയ ശക്തിയേറിയ എ18 പ്രോ ചിപ്പ്സെറ്റ് ആണ് പ്രോ മോഡലുകള്‍ക്ക് ശക്തിപകരുന്നത്. എ18 നേക്കാള്‍ ശക്തിയേറിയ ഈ ചിപ്പ്സെറ്റിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ പ്രവര്‍ത്തന ശേഷി പ്രോ മോഡലുകള്‍ക്ക് കൈവരുന്നു.
48 എംപി ഫ്യൂഷന്‍ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5 എക്സ് 12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണിതില്‍. 120 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാനും സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാനും എച്ച്ഡിആര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള കഴിവ് ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കുണ്ട്. നാല് സ്റ്റുഡിയോ ക്വാളിറ്റി മൈക്കുകളുടെ പിന്‍ബലത്തില്‍ വീഡിയോകള്‍ക്കൊപ്പം മികച്ച സ്പേഷ്യല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യാനും ഇതിലാവും.
വില- ഐഫോണ്‍ 16 പ്രോയ്ക്ക് 119900 രൂപയും ഐഫോണ്‍ 16 മാക്സിന് 144900 രൂപയുമാണ് വില