മേപ്പാടി ആ കുഞ്ഞിനു മുന്നിലെത്തിയ ദേവദൂതനായിരുന്നു അവൻ. കൈകൾ നീട്ടി നെഞ്ചോടു ചേർത്തു കലിതുള്ളി ഒഴുകുന്ന പുഴയ്ക്കു മീതെ പറന്നപ്പോൾ ഒരുപക്ഷേ ആ കുഞ്ഞിക്കണ്ണുകൾ മനുഷ്യരൂപത്തിൽ കണ്ടത് ദൈവത്തെ ആയിരിക്കും. കണ്ണ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, കൈ ഒന്നു ചലിച്ചാൽ എല്ലാം ഒരു നിമിഷം കൊണ്ടു തീരുമായിരുന്നു. കടലിനും ചെകുത്താനും ഇടയിലെന്നു പറയും പോലെ രൗദ്രഭാവം പൂണ്ടു താഴെ പുഴ ഒഴുകുകയാണ്. രാക്ഷസ ഭാവം അടക്കാതെ പ്രകൃതി. ആകാശത്തെ മഴകാറു മൂടുന്നു. ഏതു നിമിഷവും മഴ പെയ്യാം. എന്നാൽ നിഖിലിന് അടിതെറ്റിയില്ല.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സ്വന്തം ജീവൻ പണയം വച്ചു ദുരിത മഴയെ കൂസാതെ നിലവിളിക്കാതെ കണ്ണുതുറന്നു കിടന്ന മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ നിഖിൽ പുഴ മുറിച്ചു കടന്നു. പുഴക്കരയിൽ നിന്നവരുടെ നെഞ്ചിടിപ്പു തെല്ലൊന്നു കുറഞ്ഞു. ദുരിതത്തിനിടയിലും ആശ്വാസ പുഞ്ചിരി. പ്രാർഥനകൾ അവസാനിച്ചപ്പോൾ ചിലർ ഓടിവന്ന് കെട്ടിപ്പിടിച്ചു, ചിലർ തോളിൽ തട്ടി, ചിലർ ആശ്വസിപ്പിച്ചു.
കോഴിക്കോട് വെള്ളിമാടുകുന്ന് യൂണിറ്റിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറാണ് ചെറുകുളത്തൂർ സ്വദേശിയായ നിഖിൽ മല്ലിശേരി. കുഞ്ഞിനെ രക്ഷിക്കുന്ന വിഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടക്കം സൈന്യത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാൽ സൈനികനല്ല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും അദ്ദേഹത്തെ നിങ്ങൾ പുറംലോകത്തിനു കാട്ടി കൊടുക്കണമെന്നും പറയുകയാണ് തിരുവനന്തപുരത്തെ ഫയർ ഫോഴ്സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ. എല്ലാം ടീം വർക്കെന്നു പറഞ്ഞു പുഞ്ചിരി തൂകുകയാണു നിഖിൽ.
ഇന്നലെ ദേശീയ മാധ്യമങ്ങളിലടക്കം വൈറലായ ദൃശ്യത്തെപ്പറ്റി പറയുകയാണ് നിഖിൽ. ‘‘റോപ്പ് റെസ്‌ക്യൂ ടീം വയനാട്ടിൽ അടിയന്തരമായി എത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നു മൂന്നു മണിയോടെയാണു കോഴിക്കോടുനിന്നും വയനാട്ടിലേക്ക് എത്തുന്നത്. ശരിക്കും ഞാന്‍ അന്ന് ലീവായിരുന്നു. വെള്ളം കയറിയ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് ആദ്യ നിർദേശം. അത് ഏതാണ്ടു പൂർത്തിയായപ്പോഴാണു മുണ്ടക്കൈയിലേക്ക് എത്താൻ പറയുന്നത്. പുഴയ്ക്ക് അക്കരെയുള്ള ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ മുണ്ടക്കൈയിലെത്തി. പിന്നാലെ റോപ്പ് റെസ്‌ക്യൂ ടീമിലെ രണ്ടുപേര്‍ അക്കരെ റോപ്പ് ആങ്കര്‍ ചെയ്തു. ജെസിബിയുടെ സൈഡിലാണ് ഇക്കരെ ആങ്കര്‍ ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സ് ജീവനക്കാരെയും ആര്‍മിയിലെയും എന്‍ഡിആര്‍എഫിലെയും ഉദ്യോഗസ്ഥരെ റോപ്പിലൂടെ അക്കരെയെത്തിച്ചു.
രക്ഷാപ്രവർത്തനത്തിനു വേണ്ട ഉപകരണങ്ങൾ എത്തിക്കാനാണ് ഞാനാദ്യം അക്കരെയെത്തിയത്. അവിടെ നിസഹായരായ പലരുമുണ്ടായിരുന്നു. ഇക്കരെ അവരെ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണു മൂന്നു മാസം പ്രായമായ അമ്മയും കുഞ്ഞും അവിടെയുണ്ടെന്നും അവരെ രക്ഷിക്കണമെന്നും മിംസ് ആശുപത്രിയിലെ ലൗന ഡോക്ടർ പറയുന്നത്. ആദ്യം അമ്മയെ ഇക്കരെയെത്തിച്ചു. തൊട്ടു പിന്നാലെ ഒരു പ്ലാസ്റ്റിക് ബക്കറ്റ് സംഘടിപ്പിച്ചു. ആ ബാസ്കറ്റിൽ കുഞ്ഞിനെ കിടത്തിയ ശേഷം കൈയിൽ വാങ്ങി. ശേഷം വളരെ ശ്രദ്ധിച്ചാണ് കയർ വലിക്കാൻ തുടങ്ങിയത്. ചെറിയ കുഞ്ഞായതിനാൽ തന്നെ ഭയമുണ്ടായിരുന്നു. എനിക്ക് എന്ത് സംഭവിച്ചാലും കുഞ്ഞിനെ ജീവനോടെ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
പുഴ കടന്ന് കരയിലെത്തിയപ്പോഴാണു ശ്വാസം നേരെ വീണത്. അത്രയും പിഞ്ചു കുഞ്ഞാണല്ലോ. ഇക്കരെയെത്തിച്ച ശേഷം അമ്മയുടെ കൈയിലാണ് കുഞ്ഞിനെ ആദ്യം ഏല്‍പ്പിച്ചത്. പോപ്പുലർ ന്യൂസ് /ചെറുതായി പോലും അവൾ കരഞ്ഞില്ല. ആകാശം നോക്കി കണ്ണുമിഴിച്ച് കിടക്കുകയായിരുന്നു. സത്യത്തിൽ കുഞ്ഞിനെ ഇക്കരെയെത്തിച്ചപ്പോൾ ഞാൻ അവളെ ഉമ്മ വച്ചു പോയി. കുഞ്ഞുമായി കയറിൽ തൂങ്ങി വരുമ്പോൾ തോന്നിയ ഭയം ഇപ്പോഴും മാറിയിട്ടില്ല. ഒരുപാട് ആളുകളെ രക്ഷിക്കാൻ കഴിഞ്ഞു. അധികവും പ്രായമായവർ ആയിരുന്നു. എല്ലാം നഷ്ടപ്പെട്ട അവരോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. അറുപതോളം മൃതദേഹങ്ങളും ഇക്കരെയെത്തിച്ച ശേഷമാണ് മടങ്ങിയത്’’ – നിഖിൽ പറയുന്നു.