പരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്, സ്‌കൂളില്‍ പൊതുദര്‍ശനമില്ല

പാലക്കാട്: കല്ലടിക്കോട് പനയമ്പാട് സിമന്റ് ലോറി ഇടിച്ചുകയറി നാല് വിദ്യാർഥിനികളുടെയും ഖബറടക്കം വെള്ളിയാഴ്ച. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. രാവിലെ 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും.

വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂ‌ളിലെ പൊതുദർശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കൾ അറിയിക്കുന്നത്.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകൾ ആയിശ, പിലാതൊടി വീട്ടിൽ അബ്ദു‌ൾറഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്‌ദുൾ സലീം-നബീസ ദമ്പതികളിടെ മകൾ നിദ ഫാത്തിമ, അബ്ദുൾ സലാം-ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരാണ് മരിച്ചത്.

വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *