കണ്ണൂർ: കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ഒപ്പം ബാന്റ്റ് സെറ്റും ഉണ്ടായിരുന്നു.
പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് ഞെട്ടിപ്പോയ കുഞ്ഞ് അൽപ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും
പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുളള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.









