ഷൂട്ടൗട്ട് വരെ നീണ്ട ആവേശം; പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ് സെമിയിൽ

ഹാംബു‍ർഗ് (ജർമനി) ∙ ഷൂട്ടൗട്ട് വരെ ആവേശം നീണ്ട പോരാട്ടത്തിൽ പോർച്ചുഗലിനെ കീഴടക്കി ഫ്രാൻസ് യൂറോ കപ്പ് ഫുട്ബോൾ സെമിയിലെത്തി. 9ന് രാത്രി 12.30ന് നടക്കുന്ന സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. ഷൂട്ടൗട്ടിൽ പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോൾ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി (5–3).

90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഇരു ടീമിന്റെയും ഗോൾമേഖലയിൽ നടന്ന മിന്നലാക്രമങ്ങൾ ഗോളാകാതെ പോയതിന്റെ തുടർച്ചയായിരുന്നു ഷൂട്ടൗട്ട്. ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിനും മത്സരം വേദിയായി. ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നു ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഫ്രാൻസ് ഗോളി മൈക്ക് മെയ്നാനും പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയും നടത്തിയ രക്ഷപ്പെടുത്തലുകളും മത്സരം എക്സ്ട്രാ ടൈമിലേക്കു നീട്ടി. പോർച്ചുഗലിന്റെ വെറ്ററൻ ഡിഫൻഡർ പെപ്പെയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര കിലിയൻ എംബപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസിന്റെ മുന്നേറ്റനിരയ്ക്ക് പലവട്ടം ഗോളവസരങ്ങൾ നിഷേധിച്ചു.

മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കങ്ങൾക്കു മൂർച്ച കുറഞ്ഞതു പോർച്ചുഗലിനും തിരിച്ചടിയായി. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം കൊണ്ടു മാത്രമാണ്, പന്തവകാശത്തിൽ മുന്നിൽനിന്നിട്ടും പോർച്ചുഗലിനു മത്സരം ജയിക്കാൻ കഴിയാതെ പോകാൻ കാരണം.‎

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *