വാട്‌സാപ്പിലൂടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് മലപ്പുറത്തെ വീട്ടമ്മയുടെ നാലര ലക്ഷം തട്ടി; തട്ടിപ്പ് സംഘത്തിന് കേരളത്തിലും കണ്ണികളെന്ന് സംശയം

മലപ്പുറം: വാട്‌സാപ്പിലൂടെ വിലകൂടിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് വീട്ടമ്മയെ കബളിപ്പിച്ച് നാലര ലക്ഷത്തോളം രൂപ തട്ടി. കെണിയൊരുക്കിയത് ഇംഗ്ലണ്ടില്‍ ഇരുന്ന്. സംഭവത്തില്‍ മലയാളികള്‍ക്കും പങ്കെന്ന് സംശയം. ഡോ. ജോണ്‍ഡേവിഡ് എന്ന് പരിചയപ്പെടുത്തിയയാള്‍ വാട്‌സാപ്പിലൂടെ ചാറ്റിങ് തുടങ്ങിയാണ് തട്ടിപ്പിന് കെണിയൊരുക്കിയത്. ലണ്ടനിലെ ജീവകാരുണ്യ പ്രവര്‍ത്തകനാണെന്നും സ്വന്തമായി ആശുപത്രികളുണ്ടെന്നുമാണ് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചത്. അഛന്‍ പെട്ടെന്ന് മരണപ്പെട്ടതിനാല്‍ ആശുപത്രിയുള്‍പ്പടെയുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ താന്‍ ഏറ്റെടുക്കേണ്ടി വന്നു എന്നതുള്‍പ്പടെയുള്ള നിറംപിടിപ്പിച്ച കഥകളും പറഞ്ഞിരുന്നു. വിശ്വാസം പിടിച്ചുപറ്റാന്‍ വീഡിയോകോളിലൂടെ ആശുപത്രിയും നഴ്‌സുമാരേയും രോഗികളേയും കാണിച്ച് കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് സുഹൃത്തായ വകയില്‍ വില പിടിപ്പുള്ള സമ്മാനങ്ങള്‍ അയക്കാമെന്നു വാഗ്ദാനം ചെയ്തത്. തന്ത്രത്തില്‍ വീട്ടമ്മയില്‍ നിന്ന് വിലാസം തരപ്പെടുത്തുകയും ചെയ്തു. സ്വര്‍ണ്ണവും ഡയമണ്ടും ഉള്‍പ്പടെയുള്ളവ അയക്കുന്നതായാണ് അറിയിച്ചിരുന്നത്. അവയുടെ ചിത്രങ്ങളും കൈമാറിയിരുന്നു. ഡല്‍ഹി വഴി വീട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. പൂര്‍ണ്ണമായും ഇംഗ്ലീഷിലായിരുന്നു ആശയവിനിമയം. ഇംഗ്ലീഷില്‍ മികച്ച പരിജ്ഞാനമുള്ളതിനാല്‍ ആശയ വിനിമയം വീട്ടമ്മക്ക് ഒരു വിലങ്ങുതടിയായില്ല. ആശുപത്രിയിലെ നഴ്‌സുമാരോടും മറ്റ് ജീവനക്കാരോടുമെല്ലാം വിളിച്ചയാള്‍ സംസാരിക്കുന്നതും വീട്ടമ്മ കണ്ടിരുന്നു. അവയെല്ലാം കണ്ടതോടെ ജോണ്‍ ഡേവിഡില്‍ കൂടുതല്‍ വിശ്വാസമായി. അത് തിരിച്ചറിഞ്ഞായിരുന്നു സമ്മാന വാഗ്ദാനം. യാതൊരു സംശയവും തോന്നാതിരുന്നതിനാല്‍ സുഹൃത്തിന്റെ സമ്മാനം എത്തുന്നത് കാത്തിരുന്ന വീട്ടമ്മയെ തേടിയെത്തിയത് ചതിക്കുഴിയുടെ ഫോണ്‍ വിളിയാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

തട്ടിപ്പിന്റെ രണ്ടാം എപ്പിസോഡ് ഡല്‍ഹിയില്‍ നിന്ന്
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് എന്ന പേരില്‍ ഒരു സ്ത്രീ വിളിക്കുന്നതോടെയാണ് തട്ടിപ്പിന്റെ രണ്ടാം എപ്പിസോഡ് ആരംഭിക്കുന്നത്. താങ്കളുടെ വിലാസത്തില്‍ വന്ന സമ്മാനപ്പൊതി കസ്റ്റംസ് തടഞ്ഞ് വെച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശം. പലവിധി നികുതികള്‍ അടക്കാനുണ്ടെന്നും അത് അടച്ചാലേ സമ്മാനം വിട്ട് നല്‍കുകയുള്ളൂവെന്നും അറിയിച്ചു. നികുതി അടക്കുന്നതിന് നാല് ലക്ഷം രൂപ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ടായി. ഇക്കാര്യം സമ്മാനം അയച്ച ജോണ്‍ ഡേവിഡിനെ അറിയിച്ചപ്പോള്‍ അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഡല്‍ഹിയില്‍ നിന്ന് നിരന്തരം വിളികള്‍ വന്നിരുന്നു. ഒരുവേള തട്ടിപ്പ് മണത്തതോടെ പണം നല്‍കാനാകില്ലെന്ന് വീട്ടമ്മ നിലപാടെടുത്തു. അതോടെ ‘കസ്റ്റംസ്’ നിറം മാറ്റി. നികുതി അടക്കാതെ സമ്മാനം വരുത്തിയതിന് ക്രിമിനല്‍ കേസെടുക്കുമെന്നും നാട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു അടുത്ത തന്ത്രം. ഇക്കാര്യം ജോണ്‍ ഡേവിഡിനെ അറിയിച്ചപ്പോള്‍ തല്‍ക്കാലം പണം തരപ്പെടുത്തി നല്‍കാനും താന്‍ അടുത്ത ദിവസം ഇന്ത്യയിലെത്തി പണം ഇന്ത്യന്‍ മണിയായി തിരിച്ച് നല്‍കാം എന്നുമായിരുന്നു മറുപടി. ഇയാളുടെ വാക്കില്‍ വിശ്വാസം തോന്നിയതിനാലും കസ്റ്റംസിന്റെ അറസ്റ്റ് ഭയന്നും വീട്ടമ്മ പണം നല്‍കുകയായിരുന്നു. അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്തും ഗൂഗിള്‍ പേ വഴിയുമായി 4.35ലക്ഷം രൂപയാണ് കൈമാറിയത്.

പണം കൈമാറിയത് കേരളത്തിലെ ബാങ്ക് അക്കൗണ്ടിലേക്ക്
വീട്ടമ്മ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത് കേരളത്തിലെ ബാങ്കിന്റെ ശാഖയിലേക്കാണ്. അതിനാല്‍ തട്ടിപ്പ് സംഘത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് സംശയമുണ്ട്. പെട്ടെന്ന് തിരിച്ചുനല്‍കാം എന്ന ഉറപ്പില്‍ ബന്ധുവില്‍ നിന്ന് കടംവാങ്ങിയാണ് പണം തരപ്പെടുത്തിയത്. തന്നെ വിളിച്ച ഫോണ്‍ നമ്പറുകളും പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമെല്ലാം വീട്ടമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *