കോഴിക്കോട് : സാമൂഹിക തിന്മകളുടെ മുഖ്യ കാരണം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നും നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും നിലനില്‍പ്പിന് സാമൂഹിക തിന്‍മകളുടെ നിര്‍മാര്‍ജനം അനിവാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി.അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അറിവിനെ ശരിയായ രീതിയിലും മാതൃകാപരമായും പുതുതലമുറക്ക് നല്‍കാന്‍ കഴിയണം; കാന്തപുരം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുദരിസ് സമ്മേളനം കാലിക്കറ്റ് ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യഷ്യത വഹിച്ചു. സമസ്ത മേഖലാ ഘടകങ്ങള്‍ മുഖേന നേരത്തെ രജിസ്റ്റര്‍ ചെയ്ത 1400 മുദരിസുമാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ഇസ്ലാമിക വൈജ്ഞാനിക പ്രസരണത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വിഭാഗമെന്ന നിലയിലാണ് ദര്‍സ്, ശരീഅത്ത്-ദഅവാ കോളജുകളില്‍ അധ്യാപനം നടത്തുന്ന മുദരിസുമാരെ സമസ്ത പ്രത്യേകമായി വിളിച്ചുചേര്‍ത്തത്.
സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി കീ നോട്ട് അവതരിപ്പിച്ചു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ പാനലിസ്റ്റുകളായുള്ള സംവാദമായിരുന്നു സമ്മേളനത്തിലെ പ്രധാന സെഷന്‍. പ്രതിനിധികള്‍ക്ക് സമസ്ത നേതൃത്വവുമായി ആശയവിനിമയത്തിന് അവസരം ഒരുക്കുന്ന സെഷനായിരുന്നു ഇത്.
വിശ്വാസം, കര്‍മ ശാസ്ത്രം തുടങ്ങി വിവിധ വൈജ്ഞാനിക മേഖലകളിലായി നടന്ന സെഷനുകള്‍ക്ക് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അലവി സഖാഫി കൊളത്തൂര്‍ നേതൃത്വം നല്‍കി. മതപ്രബോധകര്‍ പുതിയ കാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന ചിന്താവൈകല്യങ്ങളെ ആശയപരമായി പ്രതിരോധിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി.